യൂത്ത് കോൺഗ്രസ് നേതാവിന് മർദ്ദനം; പൊലീസ് സ്റ്റേഷനുകളിലേക്ക് 10ന് കോൺഗ്രസ് മാർച്ച്

Friday 05 September 2025 1:46 AM IST

തൃശൂർ: യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്.സുജിത്തിനെ മർദ്ദിച്ച പൊലീസുകാരെ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് 10ന് സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും കോൺഗ്രസ് മാർച്ച് നടത്തുമെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പാർട്ടി ഒന്നടങ്കം സുജിത്തിനൊപ്പമാണ്. സുജിത്തിന് എത്ര നഷ്ടപരിഹാരം കൊടുത്താലും മാനഹാനിക്കും മർദ്ദനത്തിനും പരിഹാരമാകില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. ഡി.സി.സി ഓഫീസിൽ സണ്ണി ജോസഫ് വി.എസ്.സുജിത്തുമായി സംസാരിച്ചതിനു പിന്നാലെയായിരുന്നു പത്രസമ്മേളനം. വി.എസ്.സുജിത്ത്,ബെന്നി ബഹനാൻ എം.പി,ഡി.സി.സി പ്രസിഡന്റ് അഡ്വ.ജോസഫ് ടാജറ്റ്,മുൻ എം.പി ടി.എൻ.പ്രതാപൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. 10ന് കുന്നംകുളം പൊലീസ് സ്റ്റേഷനിലേക്ക് നടത്തുന്ന മാർച്ച് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യും.