പൊലീസ് സ്റ്റേഷനിൽ ക്രൂരമർദ്ദനം കേസൊതുക്കാൻ ഉദ്യോഗസ്ഥരുടെ വാഗ്ദാനം 20 ലക്ഷം വരെ

Friday 05 September 2025 1:07 AM IST

തൃശൂർ: കസ്റ്റഡി മർദ്ദനം ഒതുക്കിത്തീർക്കാൻ പൊലീസ് പണം വാഗ്ദാനം ചെയ്‌തെന്ന് വെളിപ്പെടുത്തി മർദ്ദനമേറ്റ ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്.സുജിത്ത്. സുജിത്തിനോടും പ്രാദേശിക നേതാവ് വർഗീസ് ചൊവ്വന്നൂരിനോടും 20 ലക്ഷം വരെ വാഗ്ദാനം ചെയ്തതായാണ് ആരോപണം.

അന്ന് പൊലീസ് ഡ്രൈവറായിരുന്ന സുഹൈറും മർദ്ദിച്ചെന്നും സുജിത്ത് വ്യക്തമാക്കി. ഇയാൾക്കെതിരെ ഇതുവരെ കേസെടുത്തിട്ടില്ല. ഇപ്പോൾ റവന്യു വകുപ്പിലാണ് സുഹൈർ ജോലി ചെയ്യുന്നത്. പണം വാഗ്ദാനം ചെയ്തപ്പോൾ നിയമവഴിയിൽ കാണാമെന്ന് തിരിച്ചുപറഞ്ഞതോടെ ഉദ്യോഗസ്ഥർ പിന്തിരിഞ്ഞു. മർദ്ദിച്ച അഞ്ചു പേർക്കെതിരെയും നടപടി വേണമെന്നാണ് സുജിത്തിന്റെ ആവശ്യം. പ്രതികൾക്ക് പൊലീസ് കവചമൊരുക്കുകയാണെന്നും അദ്ദേഹം കേരളകൗമുദിയോട് പറഞ്ഞു.

എ.സി.പിയെ വിളിച്ചു

വരുത്തിയത് വാറണ്ട് അയച്ച്

പൊലീസ് മർദ്ദനത്തിനെതിരെ കുന്നംകുളം കോടതിയിൽ നൽകിയ പരാതിയിൽ മൊഴി നൽകാൻ അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് എ.സി.പി കെ.സി.സേതുവിന് സമൻസയച്ചെങ്കിലും ഒരുവർഷം ഹാജരായില്ല. പിന്നീട് എസ്.പി മുഖേന വാറണ്ട് അയച്ചാണ് എ.സി.പിയെ കോടതിയിൽ വരുത്തിയത്. അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളൊക്കെ സത്യമാണെന്നും പൊലീസുകാർ മർദ്ദിച്ചിട്ടുണ്ടെന്നും സി.സി ടിവി ദൃശ്യങ്ങളുണ്ടെന്നും മൊഴി നൽകിയിരുന്നു. ഉന്നത പൊലീസുദ്യോഗസ്ഥരുടെ സമ്മർദ്ദത്തെ തുടർന്നാണ് കോടതിയിൽ മൊഴി നൽകാൻ പോകാതിരുന്നതെന്നും സുജിത്ത് പറഞ്ഞു.