തൃശൂർ മുൻ കളക്ടർക്കും രണ്ടിടത്ത് വോട്ട്, തിരഞ്ഞെടുപ്പ് കമ്മിഷൻ ഒളിച്ചുകളിക്കുന്നെന്ന് വി എസ് സുനിൽകുമാർ
തൃശൂർ: ലോക്സഭ തിരഞ്ഞെടുപ്പു കാലത്ത് തൃശൂർ ജില്ലാ കളക്ടറായിരുന്ന വി.ആർ കൃഷ്ണതേജയ്ക്കും രണ്ട് വോട്ടുണ്ടായിരുന്നുവെന്നും സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗവും തൃശൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുമായിരുന്ന വി.എസ് സുനിൽകുമാർ ആരോപിച്ചു.
കളക്ടറുടെ സ്വദേശമായ ആന്ധ്രാപ്രദേശിലെ ചിലകലുരിപെട്ടിലും തൃശൂരിലും വ്യത്യസ്ത ഐ.ഡികളിൽ വോട്ടർ പട്ടികയിൽ കൃഷ്ണതേജയുടെ പേരുണ്ടായിരുന്നു. തിരഞ്ഞെടുപ്പിൽ എല്ലാം പരിശോധിച്ച് ഉറപ്പുവരുത്തേണ്ടവരുടെ കാര്യം തന്നെ ഇങ്ങനെയാണ്. വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിൽ ലഭ്യമായ മറുപടി സംശയകരമാണ്. ജനങ്ങൾ അറിയേണ്ട പൊതുതാത്പര്യത്തിൽപ്പെട്ട കാര്യങ്ങൾ ജനങ്ങളിൽ നിന്നും മറച്ചുവെക്കുന്നത് ഇലക്ഷൻ കമ്മിഷൻ അവസാനിപ്പിക്കണം.
തൃശൂർ നിയമസഭാ മണ്ഡലത്തിൽ വോട്ടർപട്ടികയിൽ കൃത്രിമം നടത്തിയതായി ഇതിനോടകം തെളിവുകൾ സഹിതം വിവരങ്ങൾ പുറത്തുവന്നിട്ടും കമ്മിഷൻ യാതൊരു നിയമനടപടികളും സ്വീകരിച്ചിട്ടില്ല. 1950ലെ ജനപ്രാതിനിധ്യ നിയമപ്രകാരം ഒരു വ്യക്തി ഒരേസമയം ഒന്നിലധികം മണ്ഡലങ്ങളിൽ വോട്ടറായിരിക്കുന്നത് ശിക്ഷാർഹമായ കുറ്റമാണെന്നതിനാൽ, കോൺഗ്രസ് നേതാവ് പവൻ ഖേരയ്‌ക്കെതിരെ ഇലക്ഷൻ കമ്മിഷൻ നോട്ടീസ് അയച്ചിരുന്നു. നിരവധി ബി.ജെ.പി നേതാക്കൾക്ക് ഒരേസമയം തൃശൂർ ലോക്സഭാ മണ്ഡലത്തിലും മറ്റു മണ്ഡലങ്ങളിലും വോട്ടർപട്ടികയിൽ പേരുള്ളതിന്റെ വ്യക്തമായ വിവരങ്ങൾ പുറത്തുവന്നിട്ടും പരാതി നൽകിയിട്ടും യാതൊരു നടപടിയും കമ്മിഷൻ സ്വീകരിച്ചിട്ടില്ല. ഇത് ഇരട്ടത്താപ്പാണെന്നും മറുപടി വേണമെന്നും സുനിൽ കുമാർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
സി.പി.ഐ തൃശൂർ മണ്ഡലം സെക്രട്ടറിയും എൽ.ഡി.എഫ് ഇലക്ഷൻ കമ്മിറ്റി മണ്ഡലം സെക്രട്ടറിയുമായിരുന്ന അഡ്വ. കെ.ബി സമേഷാണ് വിവരാവകാശ പ്രകാരം അപേക്ഷ നൽകിയത്. സി.പി.ഐ. ജില്ലാ സെക്രട്ടറി കെ.ജി ശിവാനന്ദൻ, അഡ്വ. കെ.ബി സമേഷ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു