ഇന്ത്യൻ പൗരത്വം കിട്ടാൻ പാകിസ്ഥാന്റേത് ഉപേക്ഷിച്ചതിന്റെ രേഖ ഹാജരാക്കണം

Friday 05 September 2025 12:06 AM IST

കൊച്ചി: പാകിസ്ഥാൻ പൗരത്വം ഉപേക്ഷിച്ചതിന്റെ രേഖ (റിനൺസ്യേഷൻ സർട്ടിഫിക്കറ്റ്) ഹാജരാക്കാത്തപക്ഷം അപേക്ഷകർക്ക് ഇന്ത്യൻ പൗരത്വം നൽകാനാകില്ലെന്ന് ഹൈക്കോടതി. പാസ്പോർട്ട് മടക്കിനൽകിയെന്നതടക്കം മറ്റ് തെളിവുകൾക്ക് സാധുതയില്ലെന്ന് ജസ്റ്റിസുമാരായ സുശ്രുത് അരവിന്ദ് ധർമ്മാധികാരി, വി.എം. ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് വ്യക്തമാക്കി.

തലശേരിയിൽ താമസിക്കുന്ന റഷീദബാനു പാക് പൗരത്വമുള്ള പെൺമക്കൾക്ക് ഇന്ത്യൻ പൗരത്വം തേടി നൽകിയ ഹർജി സിംഗിൾബെഞ്ച് അനുവദിച്ചിരുന്നു. ഇത് റദ്ദാക്കിയാണ് വിധി. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് അപ്പീൽ നൽകിയത്.

അപേക്ഷകയുടെ ഭർത്താവ് മുഹമ്മദ് മാറൂഫ് ചെറുപ്പത്തിൽ മുത്തശ്ശിക്കൊപ്പം പാകിസ്ഥാനിലേക്ക് കുടിയേറി അവിടുത്തെ പൗരത്വം നേടിയതാണ്. യു.എ.ഇയിലാണ് ജോലിചെയ്യുന്നത്. പ്രായപൂർത്തിയാകാത്ത മക്കൾക്ക് പാക് പൗരത്വമാണുള്ളത്. നിശ്ചിതകാലയളവിൽ ഇന്ത്യയിൽ താമസിക്കാൻ അപേക്ഷകയ്ക്കും മക്കൾക്കും കേന്ദ്രം അനുമതി നൽകിയിരുന്നു. ഇതിനിടെയാണ് കുട്ടികൾക്ക് ഇന്ത്യൻ പൗരത്വമെടുക്കാൻ റഷീദ അപേക്ഷ നൽകിയത്. അനുകൂല നിലപാടെടുത്തെങ്കിലും പാക് പൗരത്വം അവസാനിപ്പിച്ചുകൊണ്ടുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കാൻ കേന്ദ്രം നിഷ്കർഷിച്ചു. തുടർന്നാണ് റഷീദ ഹൈക്കോടതിയെ സമീപിച്ചത്.

പൗരത്വം അവസാനിപ്പിക്കാൻ

21 വയസ് തികയണം

 കുട്ടികളുടെ പാക് പാസ്പോർട്ട് മടക്കി നൽകുകയും ഇന്ത്യയിലെ പാക് എംബസിയിൽനിന്ന് എൻ.ഒ.സി നേടുകയും ചെയ്തിരുന്നു. ഇത് മതിയായ തെളിവുകളാണെന്നും റിനൺസ്യേഷൻ സർട്ടിഫിക്കറ്റ് അനിവാര്യമല്ലെന്നും വ്യക്തമാക്കിയാണ് പൗരത്വം പരിഗണിക്കാൻ സിംഗിൾബെഞ്ച് ഉത്തരവിട്ടത്

 റിനൺസ്യേഷൻ സർട്ടിഫിക്കറ്റ് നേടാത്തപക്ഷം പാക് പൗരത്വം റദ്ദാകില്ലെന്നാണ് അവിടുത്തെ പൗരത്വനിയമത്തിൽ പറയുന്നതെന്ന് കേന്ദ്രസർക്കാർ വാദിച്ചു. 21 വയസു തികയാത്തവർക്ക് പാക് പൗരത്വം അവസാനിപ്പിക്കാൻ അപേക്ഷിക്കാനാവില്ലെന്നും വ്യവസ്ഥയുണ്ട്. അതിനാൽ അപേക്ഷകർക്ക് ഇന്ത്യൻപൗരത്വം അനുവദിച്ചാൽ ഇരട്ട പൗരത്വമാമെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി

 ഈ വാദം അംഗീകരിച്ച ഡിവിഷൻബെഞ്ച് ഉത്തരവ് റദ്ദാക്കുകയായിരുന്നു. പാക് പൗരത്വം റദ്ദാകുന്നതിന് പാകിസ്ഥാന്റെ റിനൺസ്യേഷൻ സർട്ടിഫിക്കറ്റ് അനിവാര്യമാണ്. അതേസമയം അപേക്ഷകർ ഈ സർട്ടിഫിക്കറ്റ് അടക്കം മതിയായ രേഖകൾ ഹാജരാക്കുന്ന പക്ഷം പരിഗണിക്കും