റേഷൻ വിതരണം നീട്ടി/ഇല്ല; ഓണം സ്പെഷ്യൽ അരി കിട്ടാത്തവർ നിരവധി

Friday 05 September 2025 12:08 AM IST

കോഴിക്കോട്: ഓണത്തിന്റെ ഭാഗമായി ആഗസ്റ്റ് മാസത്തെ റേഷനും ഓണം സ്പെഷ്യൽ അരിവിതരണവും പൊടുന്നനെ നിറുത്തിയതിനെ തുടർന്ന് പലർക്കും റേഷൻ സാധനങ്ങൾ കിട്ടിയില്ലെന്ന് ആക്ഷേപം. 10 ശതമാനത്തോളം പേർക്ക് കിട്ടിയില്ലെന്ന് റേഷൻ ഡീലർമാർ പറയുന്നു. ആഗസ്റ്റിലെ റേഷൻ സെപ്തംബർ നാല് വരെ വിതരണം ചെയ്യുമായിരുന്നാണ് നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ ആഗസ്റ്റ് 31ന് വിതരണം നിറുത്തുമെന്ന് സിവിൽ സപ്ളെെസ് ഉത്തരവിറങ്ങിയത് 30ന്. ഇതോടെ ആഗസ്റ്റിലെ റേഷൻ സെപ്തംബർ നാല് വരെ റേഷൻ കിട്ടുമെന്ന് കരുതിയവർ വെട്ടിലായി. നീല, വെള്ള കാർഡുകാർക്ക് ഓണം സ്പെഷ്യൽ അരിയും കിട്ടിയില്ല. ആഗസ്റ്റിൽ വെള്ള കാർഡിന് സ്പെഷ്യൽ ഉൾപ്പെടെ 15 കിലോ അരി വിതരണം ചെയ്തിരുന്നു. നീല കാർഡുകാർക്ക് സാധാരണ റേഷന് പുറമെ 10 കിലോയും പിങ്ക് കാർഡുടമകൾക്ക് അഞ്ച് കിലോ അരിയുമാണ് വിതരണം ചെയ്യേണ്ടത്. കിലോയ്ക്ക് 10.90 രൂപയാണ് നിരക്ക്. ഇതാണ് പൊടുന്നനെ നിറുത്തലാക്കിയത്. സെപ്തംബറിൽ വെള്ള കാർഡുകാർക്ക് രണ്ട് കിലോ അരി മാത്രമാണ് അനുവദിച്ചിട്ടുള്ളത്.

നീല കാർഡുകാർക്ക് മാസങ്ങളായി നൽകിവരുന്ന മൂന്ന് കിലോ സ്പെഷ്യൽ അരി വിതരണവും ഈ മാസമില്ല. വിതരണത്തീയതി നീട്ടാൻ കേന്ദ്ര ഭക്ഷ്യവകുപ്പിന്റെ അനുമതി കിട്ടിയില്ലെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്. എന്നാൽ മുൻഗണനാ വിഭാഗത്തിനുള്ള സൗജന്യ അരിക്ക് മാത്രമാണ് കേന്ദ്രാനുമതി വേണ്ടതെന്ന് റേഷൻ ഡീലർമാർ പറയുന്നു.

പണി മുടക്കി ഇ പോസ് മെഷീനും

ഇപോസ് മെഷിനിലെ തകരാറിനെത്തുടര്‍ന്നും വിതരണം തടപ്പെട്ടു. കടകളിലെത്തിയ പലർക്കും വെറുംകെെയോടെ മടങ്ങേണ്ടിവന്നു. ഹൈദരാബാദിലുള്ള എന്‍.ഐ.സിയാണ് മെഷിന്റെ സര്‍വര്‍ കെെകാര്യം ചെയ്യുന്നത്. സ്പെഷ്യൽ ഉൾപ്പെടെയുള്ള റേഷൻ വിതരണം മെഷീനിൽ ക്രമീകരിക്കാത്തതാണ് പ്രശ്നമായതെന്നും സൂചനയുണ്ട്. സ്പെഷ്യൽ അരിയുൾപ്പെടെ നൽകാനായി ഞായറാഴ്ച റേഷൻ കടകൾ പ്രവർത്തിക്കാൻ നിർദ്ദേശിച്ചിരുന്നു. പകരം തിങ്കളാഴ്ച അവധി നൽകിയെങ്കിലും വിതരണം ആഗസ്റ്റ് 31ന് അവസാനിപ്പിക്കാൻ തീരുമാനിച്ചതിനാൽ ഈ അവധി ശനിയാഴ്ചത്തേക്ക് മാറ്റി.

സംസ്ഥാന സർക്കാർ നിശ്ചയിച്ച വെള്ള, നീല മുൻഗണനേതര കാർഡുകാർക്ക് സെപ്തംബർ അവസാനം വരെ സ്പെഷ്യൽ അരിയെങ്കിലും വിതരണം ചെയ്യണം.

എം.എം. സെെനുദ്ദീൻ, സംസ്ഥാന വെെസ് പ്രസിഡന്റ്,റേഷൻ ഡീലേഴ്സ് അസോ.