ആനന്ദ് വിശ്വനാഥനെ കുരുക്കാൻ മുമ്പും ശ്രമം, അന്നത്തെ സ്ഥലംമാറ്റം  ഹൈക്കോടതി റദ്ദാക്കി

Friday 05 September 2025 1:54 AM IST

തൊടുപുഴ: മൂന്നാർ ഗവ. കോളേജിൽ കോപ്പിയടിച്ച വിദ്യാർത്ഥികൾക്കെതിരെ നടപടിയെടുത്തതിന്റെ പേരിൽ ക്രൂശിക്കപ്പെട്ട പ്രൊഫ. ആനന്ദ് വിശ്വനാഥനെ കുരുക്കാൻ മുമ്പും ശ്രമം. പരീക്ഷാഹാളിൽ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാരോപിച്ച് വിദ്യാർത്ഥികൾ നൽകിയ കേസിൽ 11 വർഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് ഇപ്പോൾ നിരപരാധിത്വം തെളിഞ്ഞത്.

വർഷങ്ങൾക്കുമുമ്പും അദ്ദേഹത്തെ കുരുക്കാൻ ആസൂത്രിത ശ്രമം നടന്നു. 2007ലാണ് സംഭവം. മൂന്നാർ ഗവ. കോളേജിൽ പരീക്ഷ ഹാളിൽ കോപ്പിയടിച്ച ഇടതുപക്ഷ വിദ്യാർത്ഥി സംഘടനയിൽപ്പെട്ട വിദ്യാർത്ഥിയെ ആനന്ദ് പിടികൂടി ഡീ ബാർ ചെയ്തിരുന്നു. ഇതിനുപിന്നാലെ ആനന്ദ് വിധ്വംസക പ്രവ‌ർത്തനങ്ങൾ ചെയ്യുന്നയാളാണെന്നും ഇദ്ദേഹത്തെ സ്ഥലം മാറ്റണമെന്നും ആവശ്യപ്പെട്ട് അന്നത്തെ ദേവികുളം എം.എൽ.എ വിദ്യാഭ്യാസ മന്ത്രിക്ക് കത്തുനൽകി. തുടർന്ന് ആനന്ദിനെ മലപ്പുറം ഗവ. കോളേജിലേക്ക് സ്ഥലംമാറ്റി. അന്നും നിയമപോരാട്ടത്തിലൂടെ അദ്ദേഹം പ്രതികാരനടപടിയെ അതിജീവിച്ചു. ഹൈക്കോടതിയെ സമീപിച്ച് സ്ഥലംമാറ്റം റദ്ദാക്കി. പിന്നീട് 2014ൽ കോപ്പിയടിച്ച് പിടിച്ച വിദ്യാർത്ഥികളുടെ വ്യാജ പരാതിയെ തുട‌ർന്ന് വകുപ്പുതല നടപടിയുടെ ഭാഗമായി ആനന്ദിനെ സ്ഥലംമാറ്റിയതും മലപ്പുറം ഗവ. കോളേജിലേക്കായിരുന്നു. കാസർഗോഡ് കോളേജിൽ സെക്കൻഡ് ലെഫ്റ്റനന്റ് റാങ്കുള്ള എൻ.സി.സി ഓഫീസറായിരുന്നു. 2003 ജനുവരി 26ന് റിപ്പബ്ലിക് ഡേ പരേഡിൽ കേരളത്തെ പ്രതിനിധീകരിച്ച എൻ.എസ്.എസ് കണ്ടിജന്റ് ലീഡറുമായിരുന്നു ആനന്ദ്.

 തുടക്കം കഷ്ടപ്പാടിൽ നിന്ന്

മൂന്നാർ ചൊക്കനാട് എസ്റ്റേറ്റിൽ തോട്ടംതൊഴിലാളികളുടെ ഏഴ് മക്കളിൽ ആറാമത്തെയാളായാണ് ആനന്ദ് വിശ്വനാഥന്റെ ജനനം. കഷ്ടപ്പാടും ദുരിതവും നിറഞ്ഞ ബാല്യം ആനന്ദിന് കൂടുതൽ വാശിയോടെ പഠിക്കാനുള്ള ഊർജ്ജം നൽകി. മൂന്നാർ ഗവ. ഹൈസ്കൂളിൽ നിന്ന് എസ്.എസ്.എൽ.സിയും പാലക്കാട് ചിറ്റൂർ ഗവ. കോളേജിൽ നിന്ന് പ്രീഡിഗ്രിയും ഇക്കണോമിക്സിൽ ബിരുദവും നേടി. പാലക്കാട് വിക്ടോറിയ കോളേജിൽ നിന്ന് എം.എയും പാസായി. പഠനകാലയളവിൽ ഫീസ് അടയ്ക്കാനും മറ്റും കൂലിപ്പണിയടക്കം പല തൊഴിലും ചെയ്തിട്ടുണ്ട്.

പോരാട്ടം തുടരും

പീഡനപരാതി വ്യാജമാണെന്ന് കോടതിയിൽ തെളിഞ്ഞെങ്കിലും പ്രൊഫ. ആനന്ദിന് ലഭിക്കേണ്ട ആനുകൂല്യങ്ങളെല്ലാം തടഞ്ഞുവച്ചിരിക്കുകയാണ്. റിട്ടയർമെന്റ് ഗ്രാറ്റുവിറ്റിയും പെൻഷൻ കമ്മ്യൂട്ടേഷനുമടക്കം 35 ലക്ഷത്തോളം രൂപ കിട്ടാനുണ്ട്. കേസ് വന്നതോടെ മൂന്ന് വാർഷിക ഇൻക്രിമെന്റുകൾ റദ്ദാക്കി. പെൻഷനും 75 ശതമാനം മാത്രമാണ് ലഭിക്കുന്നത്. ഇവയെല്ലാം തിരിച്ചുപിടിക്കാൻ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ ഹർജി നൽകാൻ ഒരുങ്ങുകയാണ് ആനന്ദ്.