നാട് ഒരുങ്ങി, മനം നിറയെ തിരുവോണത്തിളക്കം

Friday 05 September 2025 12:56 AM IST

പത്തനംതിട്ട : കസവുടുത്തും പൂക്കളമിട്ടും മാവേലി മന്നനെ വരവേൽക്കാൻ നാട് ഒരുങ്ങി. തിരുവോണം ആഘോഷമാക്കാൻ വലിയ ഒരുക്കങ്ങളാണ് ഇത്തവണ നടന്നത്. ഗ്രാമങ്ങളിൽ ഉച്ചഭാഷണി പാട്ടും നാടൻ കളികളുമായി ക്ലബുകളും വായനശാലകളും സജീവമായി. സ്ഥാപനങ്ങളിലും ആഘോഷത്തിന് പകിട്ട് കുറവില്ല. ഇന്നലെ ഉത്രാടപ്പാച്ചിലിൽ സാധനങ്ങൾ വാങ്ങാനായെത്തിയവരുടെ തിരക്കായിരുന്നു. ജില്ലയിലെ പ്രധാന നഗരങ്ങളിലെല്ലാം ഇന്നലെ വലിയ ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. വസ്ത്രവ്യാപാര സ്ഥാപനങ്ങളിലും സപ്ലൈകോയിലുമടക്കം വലിയ തിരക്കായിരുന്നു. ഗൃഹോപകരണങ്ങൾ, വാഹനം, മൊബൈൽ ഫോൺ, സ്വർണം, പഴം, പച്ചക്കറി തുടങ്ങി എല്ലാ വ്യാപാര മേഖലകളും സജീവമായി.

പച്ചക്കറി കിറ്റ് നൂറ്റമ്പത് രൂപ മുതൽ ലഭ്യമായിരുന്നു. ഏത്തക്കുല വിപണിയിലും തിരക്കേറെയായിരുന്നു. തിരുവോണ ദിനത്തിലും കെ.എസ്.ആർ.ടി.സി സർവീസുകൾ നടത്തും. സ്വകാര്യ ബസുകളിൽ മൂന്നിലൊന്നുമാത്രമേ സർവീസ് നടത്തു. ഓണസദ്യയൊരുക്കാൻ സാധിക്കാത്തവർക്ക് റെഡിമെയ്ഡ് ഓണസദ്യയുമായി കേറ്ററിംഗുകാരും കുടുംബശ്രീയും തയ്യാറായിക്കഴിഞ്ഞു. പൂ വിപണിയിൽ വസന്തമായ പ്രതീതിയാണ്.