അഗതികൾക്കൊപ്പം വിനോദ യാത്ര: കാൽ നൂറ്റാണ്ട് പിന്നിട്ട് അദ്ധ്യാപക ദമ്പതികൾ

Friday 05 September 2025 12:06 AM IST

തൃശൂർ: ആരുമില്ലാതെ അനാഥാലയങ്ങളിൽ കഴിയുന്നവരെ വിനോദയാത്ര കൊണ്ടുപോയി കാഴ്ചകൾ കാണിക്കുക. ഈ അദ്ധ്യാപക ദമ്പതികളുടെ സന്തോഷം അതാണ്. അതിനായി എത്ര പണവും മുടക്കും. ഇത്തവണത്തേതിന് ഒരു പ്രത്യേകതയുണ്ട്. വിവാഹത്തിന്റെ 25ാം വാർഷിക ദിനം, 25-ാമത്തെ യാത്ര.

എടക്കഴിയൂർ സീതി സാഹിബ് മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപകൻ പറപ്പൂർ സ്വദേശി സാന്റി മാഷും ഭാര്യ ചൂണ്ടൽ ലേഡി ഇമ്മാക്കുലേറ്റ് ഗേൾസ് ഹൈസ്‌കൂൾ അദ്ധ്യാപിക ലിജിയുമാണ് 25 വർഷമായി അനാഥാലയങ്ങളിലുള്ളവരെ കൂട്ടി വിനോദയാത്ര നടത്തുന്നത്. 2000 സെപ്തംബർ മൂന്നിനായിരുന്നു വിവാഹം.

ഈ മാസം മൂന്നിനാണ് തൃശൂർ പെരിങ്ങണ്ടൂർ പീസ് ഹോമിലെ വീൽചെയറിൽ കഴിയുന്ന നാൽപതോളം അന്തേവാസികളുമായി വിനോദ യാത്ര പോയത്. വല്ലാർപാടം, ചെറായി ബീച്ച് എന്നിവിടങ്ങളിലൊക്കെ സമയം ചെലവഴിച്ച് രാത്രിയോടെ തിരിച്ച് പീസ് ഹോമിലെത്തിച്ചു. പീസ് ഹോം ഡയറക്ടറും വിവാഹം ആശിർവദിച്ച ഫാ.ജോൺസൻ അന്തിക്കാടും ഈ യാത്രയിലുണ്ടായിരുന്നുവെന്നതും അദ്ധ്യാപക ദമ്പതികൾക്ക് ഏറെ ആഹ്ലാദം പകർന്നു.

തുടക്കം പൂരം

പ്രദർശനം കാട്ടി

2000ൽ പുല്ലഴി ക്രിസ്റ്റീന ഹോമിലെ അന്തേവാസികളെ കൂട്ടി പൂരം പ്രദർശനം കാണിച്ചതാണ് ആദ്യത്തെ വിനോദ യാത്ര. ജോലി കിട്ടി ആദ്യത്തെ ശമ്പളവുമായി ബന്ധുവായ സിസ്റ്റർ ലിനറ്റിന്റെ അടുത്ത് ചെന്നതാണ് തുടക്കം. 'പണമൊന്നും എനിക്ക് വേണ്ട, നീ ചെന്ന് ക്രിസ്റ്റീന ഹോമിലെ അന്തേവാസികളെ പുറത്തു കൊണ്ടുപോയി കാഴ്ചകൾ കാട്ടി, ഭക്ഷണവും വാങ്ങി കൊടുത്താൽ മതി' എന്നായിരുന്നു മറുപടി.

ഈ വാക്ക് കേട്ടാണ് അന്തേവാസികളെ പൂരം പ്രദർശനം കാണാൻ കൊണ്ടുവന്നത്. ആ സന്തോഷം കണ്ടതോടെ, എല്ലാ വർഷവും ഇത്തരം അനാഥാലയങ്ങളിൽ കഴിയുന്നവരെ വിനോദ യാത്രയ്ക്ക് കൊണ്ടുപോകാൻ തീരുമാനമെടുത്തു. 'എത്ര പണം ചെലവായാലും

കഴിയാവുന്നിടത്തോളം കാലം യാത്ര തുടരണം, ജീവിതയാത്രയും'-സാന്റി മാഷ് ആഗ്രഹം പറഞ്ഞു.