ഫോറൻസിക് സർജൻ ഷെർളി വാസു അന്തരിച്ചു

Friday 05 September 2025 12:07 AM IST

കോഴിക്കോട്: കേരളത്തിലെ ആദ്യ വനിത ഫോറൻസിക് സർജൻ ഡോ. ഷെർളി വാസു (68) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് കോഴിക്കോട് മെഡി.കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. കോഴിക്കോട് മായനാട്ടെ വീട്ടിൽ കുഴഞ്ഞുവീണ ഷെർളിയെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചു. തൃശൂർ മെഡി.കോളേജിൽ നിന്ന് പ്രിൻസിപ്പലായി വിരമിച്ചശേഷം കോഴിക്കോട് കെ.എം.സി.ടി ആശുപത്രിയിൽ ഫോറൻസിക് വിഭാഗം മേധാവിയായി പ്രവർത്തിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ഫോറൻസിക് വിഭാഗം മുൻ മേധാവിയായിരുന്നു. 1956ൽ തൊടുപുഴയിലാണ് ജനനം. ഗവ. മെഡി. കോളേജ് പ്രിൻസിപ്പലായിരിക്കെ 2016 ൽ വിരമിച്ചു.

കോടതി ജീവനക്കാരായിരുന്ന പരേതരായ കെ.വി. വാസുവിന്റെയും സരസ്വതിയുടെയും മകൾ. ഭർത്താവ്: ഡോ. കെ ബാലകൃഷ്ണൻ (റിട്ട. സീനിയർ മെഡിക്കൽ ഓഫീസർ)​. മക്കൾ: നന്ദന ( അസി. പ്രൊഫസർ സെന്റ് സേവിയേഴ്‌സ് കോളേജ് എരഞ്ഞിപ്പാലം), നിതിൽ (സോഫ്റ്റ് വെയർ എൻജിനിയർ,​ എറണാകുളം). മരുമക്കൾ: അപർണ (ഓഫീസർ,​ എസ് .ബി. ഐ എറണാകുളം),​ ഫൈസൽ എൻജിനിയർ (ദുബായ്). സഹോദരങ്ങൾ: ഷർഫി വാസു (റിട്ട. ജഡ്ജ്,​ ഉപയോകായുക്ത), മാക്‌സവെൽ വാസു ( എസ് .ബി .ഐ മാനേജർ) , പരേതയായ ഷൈനി വാസു (ജില്ലാ ജഡ്ജ് ). സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് മാവൂർ റോഡ് ശ്മശാനത്തിൽ.