ജി.എസ്.ടി തീരുമാനം സ്വാഗതാർഹമെന്ന് മർച്ചന്റ്സ് ചേംബർ
Friday 05 September 2025 12:07 AM IST
കൊച്ചി: ജി.എസ്.ടി സ്ലാബുകൾ നാലിൽ നിന്ന് രണ്ടായി കുറച്ച ജി.എസ്.ടി കൗൺസിലിന്റെ തീരുമാനം കേരള മർച്ചന്റ്സ് ചേംബർ ഒഫ് കൊമേഴ്സ് സ്വാഗതം ചെയ്തു. കേരളത്തിലെ വ്യാപാര മേഖലയ്ക്ക് തീരുമാനം ഊർജം പകരുമെന്നും ആശങ്കകൾ പരിഹരിക്കപ്പെടുമെന്നും ജനറൽ സെക്രട്ടറി വി.ഇ. അൻവർ, പ്രസിഡന്റ് പി. നിസാർ എന്നിവർ പറഞ്ഞു. സ്ലാബുകൾ ലളിതമാക്കിയത് ചെറുകിട, ഇടത്തരം വ്യാപാരികൾക്ക് ആശ്വാസകരമാണ്. നിത്യോപയോഗ സാധനങ്ങളെ കുറഞ്ഞ സ്ലാബിൽപ്പെടുത്തിയതും ആരോഗ്യ, മെഡിക്കൽ ഇൻഷ്വറൻസുകളെ ഒഴിവാക്കിയതും സാധാരണക്കാർക്ക് പ്രയോജനംചെയ്യും.
പുതിയനികുതി ഘട്ടംഘട്ടമായി നടപ്പാക്കണം. വിലവർദ്ധന നിയന്ത്രിക്കാൻ സർക്കാർ നടപടികളെടുക്കണം. ഇ കോമേഴ്സ്, ക്വിക്ക് കോമേഴ്സ് എന്നിവവഴി നൽകുന്ന സേവനങ്ങൾക്ക് പ്രത്യേക നികുതിഘടന പരിഗണിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.