കുരുമുളക് കൃഷിയിൽ കേരളത്തിന് കാലിടറുന്നു

Friday 05 September 2025 12:11 AM IST

പ്രതികൂല കാലാവസ്ഥയും ഉയർന്ന കൂലിച്ചെലവും വിനയായി

കൊച്ചി: വിപണിയിൽ വില ഉയരുമ്പോഴും കേരളത്തിൽ കുരുമുളക് ഉത്പാദനം കുത്തനെ ഇടിയുന്നു. കാലാവസ്ഥയിലെ അസാധാരണമായ ചാഞ്ചാട്ടവും ഉയർന്ന കൂലിച്ചെലവും വിലയിലെ അസ്ഥിരതയുമാണ് കർഷകരെ കുരുമുളക് കൃഷിയിൽ നിന്ന് പിന്തിരിപ്പിക്കുന്നത്. ഏലം വില കുതിച്ചുയർന്നതോടെ കർഷകർ കുരുമുളക് കൃഷിയിൽ നിന്ന് പിന്മാറുന്നതും തിരിച്ചടിയാണ്. അതേസമയം കർണാടക, തമിഴ്നാട്, ആന്ധ്ര പ്രദേശ്, നോർത്ത് ഈസ്‌റ്റ് സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ കുരുമുളക് കൃഷി വ്യാപിക്കുകയാണ്.

രാജ്യത്ത് കുരുമുളക് ഉത്പാദനത്തിൽകർണാടകത്തിന് പിന്നിൽ രണ്ടാം സ്ഥാനത്താണ് കേരളം. സംസ്ഥാനത്തെ കർഷകർക്ക് സർക്കാരിന്റെയും വികസന ഏജൻസികളുടെയും പിന്തുണ ലഭിക്കുന്നില്ലെന്ന ആരോപണം ശക്തമാണ്. കുരുമുളക് കൃഷിയിൽ കേരളം പിന്നാക്കം പോകുമ്പോഴും കാര്യമായ ഇടപെടലുകൾ സർക്കാർ തലത്തിലില്ല.

ദ്രുതവാട്ടം പോലുള്ള രോഗങ്ങളാണ് കേരളത്തിലെ കുരുമുളക് കൃഷിക്ക് തിരിച്ചടിയായത്.

 ഉത്പാദനം 75,000ടൺ

2024-25 സീസണിൽ 75,000 ടൺ കുരുമുളകാണ് ആഭ്യന്തര ഉത്പാദനം. അതോടൊപ്പം 20,000ടൺ ഇറക്കുമതിയും ചെയ്തു. മുൻവർഷത്തെ 50,000 ടൺ കരുതൽ ശേഖരവുമുണ്ട്.

 ശരാശരി വില 660 രൂപ

കേരളത്തിൽ ഇന്നലെ ഗാർബിൾ‌ഡ് കുരുമുളക് കിലോഗ്രാമിന് 655 മുതൽ 690 രൂപ നിരക്കിലായിരുന്നു വ്യാപാരം. ശരാശരി വില 660 രൂപയായിരുന്നു. ഒരുമാസത്തിനിടെ 35 രൂപയാണ് കൂടിയത്

 വില കുതിപ്പിന് കാരണം

ഉത്തരേന്ത്യയിലെ ഉത്സവസീസണും തണുപ്പുകാലവുമാണ് കുരുമുളക് ഉപഭോഗം വർദ്ധിപ്പിച്ചത്. യു.എസും യൂറോപ്യൻ രാജ്യങ്ങളും ക്രിസ്മസിന് മുന്നോടിയായി കുരുമുളക് സംഭരിക്കുന്നു. അനുകൂല സാഹചര്യം മുന്നിൽക്കണ്ട് കർണാടകയിലെ കയറ്റുമതിക്കാരും വ്യാപാരികളും കുരുമുളക് വാങ്ങാൻ രംഗത്തുണ്ട്.

ആഗോള തലത്തിൽ ഉത്പാദനം കുറയുന്നു

ഇന്തോനേഷ്യ, ബ്രസീൽ, ശ്രീലങ്ക, മലേഷ്യ, വിയറ്റ്നാം എന്നിവയാണ് മറ്റ് പ്രധാന കുരുമുളക് ഉത്പാദകർ. ശ്രീലങ്കയിൽ കനത്ത മഴയിൽ വിളനാശമുണ്ടാതും വില ഉയരാൻ കാരണമായി.