ഉപഭോഗ ഉണർവ് പ്രതീക്ഷിച്ച് വ്യാപാര ലോകം

Friday 05 September 2025 12:13 AM IST

ജി.എസ്.ടി ഇളവ് ഉത്സവകാലത്ത് ആവേശമാകും

കൊച്ചി: നവരാത്രി, ദീപാവലി തുടങ്ങിയ ഉത്സവ കാലയളവിൽ വ്യാപാര മേഖലയ്ക്ക് ചരക്ക് സേവന നികുതിയിലെ(ജി.എസ്.ടി) ഇളവ് ആവേശം പകരുമെന്ന പ്രതീക്ഷയിലാണ് രാജ്യത്തെ വ്യാപാര മേഖല. നിത്യോപയോഗ സാധനങ്ങളായ ചീപ്പ്, പേസ്‌റ്റ്. സോപ്പ് മുതൽ ആഡംബര കാറുകൾക്ക് വരെ വില കുറയാൻ ഇതോടെ അവസരമൊരുങ്ങുകയാണ്. പ്രീമിയത്തിന്റെ ജി.എസ്.ടി പൂർണമായും ഒഴിവാക്കിയതിനാൽ ഇൻഷ്വറൻസ് മേഖലയിലും ബിസിനസ് വളർച്ചയ്ക്ക് ഊർജം പകരും.

കാർഷിക, ഗ്രാമീണ, ടൂറിസം, വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ വലിയ മാറ്റം സൃഷ്‌ടിക്കാൻ ജി.എസ്.ടി പരിഷ്‌കരണ നടപടികൾ സഹായിക്കും.

സെപ്തംബർ 22 മുതൽ രണ്ട് ജി.എസ്.ടി സ്ളാബുകൾ മാത്രമാകും ശേഷിക്കുക. സാധാരണക്കാർ ഉപയോഗിക്കുന്ന 90 ശതമാനം ഉത്പന്നങ്ങളുടെയും ജി.എസ്.ടി അഞ്ച് ശതമാനമായി കുറയുന്നതാണ് കമ്പനികൾക്ക് ആശ്വാസമാകുന്നത്. ഉപഭോക്താക്കളുടെ കൈവശം അധിക പണം ലഭ്യമാക്കാൻ നടപടി സഹായിക്കും. പാക്ക് ചെയ്ത ഭക്ഷണങ്ങൾ, മരുന്നുകൾ, ടാൽകം പൗഡറുകൾ എന്നിവയുടെ വില കുറയുന്നതോടെ രാജ്യത്തെ എഫ്.എം.സി.ജി കമ്പനികൾക്ക് നേട്ടമാകും.

കമ്പനികൾക്ക് നേട്ടം

നികുതി നിരക്കിലെ ഏകീകരണം വിൽപ്പനയിൽ മികച്ച വർദ്ധന നേടാൻ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഹിന്ദുസ്ഥാൻ യൂണിലിവർ, സെസ്‌ലെ, ഗോദ്‌റേജ് ഇൻഡസ്ട്രീസ്, വിപ്രോ തുടങ്ങിയ കമ്പനികൾ.

ആരോഗ്യ, ലൈഫ് ഇൻഷ്വറൻസ് പ്രീമിയത്തിന്റെ ജി.എസ്.ടി ഒഴിവാക്കിയതിന്റെ നേട്ടം എൽ.ഐ.സി, എസ്.ബി.ഐ, ഐ.സി.ഐ.സി.ഐ പ്രുഡൻഷ്യൽ ലൈഫ് തുടങ്ങിയ കമ്പനികൾക്ക് ആവേശമാകും.

വാഹന വിപണിക്ക് ഉണർവാകും

ചെറുകാറുകളുടെ ജി.എസ്.ടി 28 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറയും. 350 സി.സിയിലും കുറവ് ശേഷിയുള്ള മോട്ടോർ സൈക്കിളുകളുടെ നികുതിയും 18 ശതമാനമാകും. വലിയ കാറുകളുടെയും ഇന്ധന ശേഷി കൂടിയ മോട്ടോർ സൈക്കിളുകളുടെയും ജി.എസ്.ടി 40 ശതമാനമാകും. സെസ് ഒഴിവാകും. മാരുതി സുസുക്കി, ടാറ്റ മോട്ടോർസ്, അശോക് ലൈലാൻഡ്, ടി.വി.എസ് തുടങ്ങിയ കമ്പനികൾക്ക് ഏറെ പ്രതീക്ഷ പകരുന്ന തീരുമാനമാണിത്.

സർക്കാരിന്റെ വരുമാന നഷ്‌ടം

40,000 കോടി രൂപ