ഓണത്തിനൊരുക്കിയ ചേമ്പ് കൃഷി പന്നി കൊണ്ടുപോയി
വടക്കഞ്ചേരി: കിഴക്കഞ്ചേരി കണിയമംഗലം പുത്തൻകുളമ്പിൽ ചേമ്പ് കൃഷി നശിപ്പിച്ച് പന്നിക്കൂട്ടം. ഓണവിപണി ലക്ഷ്യമിട്ടു കൃഷിചെയ്ത ചേമ്പ് പന്നിക്കൂട്ടം കുത്തിമറിച്ച് നശിപ്പിച്ചു. കണിയമംഗലം പുത്തൻകുളമ്പ് സാരംഗിയിൽ ബാബുരാജിന്റെ കൃഷിയാണ് നശിപ്പിച്ചത്. വീടിനോടു ചേർന്ന് 20 സെന്റ് സ്ഥലത്താണ് ചേമ്പ് കൃഷി ചെയ്തിരുന്നത്. ഇന്നലെ വിളവെടുപ്പുനടത്തി മാർക്കറ്റിൽ വിൽക്കാൻ നിറുത്തിയതായിരുന്നെന്ന് ബാബുരാജ് പറഞ്ഞു. ഒന്നുപോലും ശേഷിക്കാതെ എല്ലാം കുത്തിയിളക്കി തിന്നിരിക്കുകയാണ്. മാർക്കറ്റിൽ ഉയർന്ന വിലയാണ് ചേമ്പിനിപ്പോൾ. കിലോക്ക് 80 രൂപ വരെയുണ്ട്. മൊത്തമായി വില്പന നടത്തിയാൽ കിലോയ്ക്ക് 60 രൂപയെങ്കിലും കിട്ടുമായിരുന്ന കൃഷി വിളവെടുപ്പിനു തൊട്ടുമുമ്പ് എല്ലാം നഷ്ടമായതിന്റെ വിഷമത്തിലാണ് ഈ കർഷകൻ. പന്നി കയറാതിരിക്കാൻ കൃഷിയിടത്തിനു ചുറ്റും ചാക്കുകളും കളർ തുണികളുമായി സംരക്ഷണവലയം ഒരുക്കിയിരുന്നു. എന്നാൽ അതെല്ലാം നശിപ്പിച്ച് പന്നിക്കൂട്ടം അകത്തുകടക്കുകയായിരുന്നു. സമീപത്തുള്ള പുഴയോരത്തെ പൊന്തക്കാടുകളിൽ നിന്നാണ് പ്രദേശത്തേക്ക് പന്നികളെത്തുന്നത്. കൃഷിനാശത്തിനൊപ്പം പന്നിയെ പേടിച്ച് പകൽപോലും കൃഷിയിടങ്ങളിൽ പണിയെടുക്കാനാകാത്ത സ്ഥിതിയിലാണ് മേഖലയിലെ കർഷകർ.
ചിറ്റൂർ മേഖലയിൽ കൊയ്യാറായ പാടങ്ങളും നശിപ്പിച്ചു. പല സ്ഥലങ്ങളിലും കൊയ്യാറായ ഏക്കർ കണക്കിന് നെൽകൃഷിയാണ് പന്നി കൂട്ടങ്ങൾ ചവിട്ടിമെതിച്ച് നശിപ്പിക്കുന്നത്. നല്ലേപ്പിള്ളി, പൊൽപ്പുള്ളി, പട്ടഞ്ചേരി, തത്തമംഗലം മേഖലകളിലാണ് കാട്ടുപന്നികൂട്ടം വെല്ലുവിളി ഉയർത്തുന്നത്. പല പ്രതിസന്ധികളേയും അതിജീവിച്ച് കൊയ്തെടുത്ത നെല്ല് സംഭരിച്ചതിന്റെ വില ലഭിക്കാൻ വൈകിയെങ്കിലും ഭൂമി തരിശിടാൻ മനസ് വരാത്തതിനാൽ കടം വാങ്ങിയും മറ്റുമാണ് പലരും കൃഷിയിറക്കിയിട്ടുള്ളത്. വിളവെടുപ്പ് സമയത്താണ് കർഷകന്റെ പ്രതീക്ഷകളെ ചവിട്ടിമെതിച്ചുകൊണ്ടുള്ള കാട്ടുപന്നി കൂട്ടങ്ങളുടെ ആക്രമണം. കാട്ടുപന്നി ശല്യം പരിഹരിക്കാൻ ഫല പ്രദമായ നടപടികൾ വൈകാതെ നടപ്പിലാക്കണമെന്നതാണ് കർഷകരുടെ ആവശ്യം.
.