ജനകീയ ആരോഗ്യ കേന്ദ്രങ്ങളിൽ ആളില്ല; മുതലമടയിൽ രോഗികൾ ദുരിതത്തിൽ
എട്ട് സെന്ററിൽ മിക്കതും തുറക്കാറില്ല.
മുതലമട: കേരളത്തിലെ രണ്ടാമത്തെ വലിയ പഞ്ചായത്തും കൂടുതൽ ആദിവാസികൾ വസിക്കുന്നതുമായ മുതലമടയിൽ ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ തുറന്ന് പ്രവർത്തിക്കുന്നില്ല. എട്ട് ആരോഗ്യ സബ് സെന്ററുകൾ ഉള്ള പഞ്ചായത്തിൽ മിക്കതും ഭൂരിഭാഗം ദിവസങ്ങളിലും തുറക്കാറില്ല തുടർച്ചയായി അടച്ചിടുന്നതു മൂലം കോടികൾ ചിലവിട്ട് നിർമ്മിച്ച കെട്ടിടങ്ങളും മെഡിക്കൽ ഉപകരണങ്ങളും കേടായി നശിക്കുകയാണ്. കൂടാതെ വിവിധ തസ്തികകളിലുള്ള ഒഴിവും ഇവിടെ നികത്തപ്പെട്ടിട്ടില്ല. സബ് സെന്ററുകൾ വഴി കിട്ടേണ്ട മരുന്നും ഇവിടെ ലഭ്യമാകുന്നില്ല.
കാമ്പ്രത്ത്ചള്ള, പള്ളം, കുറ്റിപ്പാടം, മല്ലകുളമ്പ്, ചെമ്മണാമ്പതി, മുതലമട, ചുള്ളിയാർ, മീങ്കര എന്നിവയാണ് പഞ്ചായത്തിലെ ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ. ഇതിൽ മിക്ക ആരോഗ്യ കേന്ദ്രങ്ങളും ഭൂരിഭാഗം ദിവസങ്ങളിലും തുറക്കാറില്ല. എം.എൽ.എസ്.പി- 5, ജെ.എച്ച്.ഐ-4,ജെ.പി.എച്ച്.എൻ-4 എന്നിങ്ങനെയാണ് സെന്ററുകളിൽ ആകെ ജീവനക്കാർ ഉള്ളത്. എം.എൽ.എസ്.പി-3, ജെ.പി.എച്ച്.എൻ-4 എന്നീ തസ്തികകൾ ഒഴിഞ്ഞു കിടക്കുകയാണ്. വെൽ വുമൺക്ലിനിക്ക് ആന്റി നാറ്റൽക്ലിനിക്, ഗർഭിണികളുടെ ക്ലിനിക്ക്, ജീവിതശൈലി രോഗങ്ങൾ തുടങ്ങിയ അസുഖങ്ങൾക്ക് ജനകീയ ആരോഗ്യ കേന്ദ്രങ്ങളിൽ ചികിൽസ ലഭ്യമാക്കേണ്ടതാണ്. തിങ്കൾ, ചൊവ്വ, ശനി ദിവസങ്ങളിൽ രാവിലെ മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ നിർബന്ധമായും പരിശോധന നടത്തേണ്ടതാണ്. ബുധൻ,വ്യാഴം,വെള്ളി ദിവസങ്ങളിൽ ഉച്ചയ്ക്ക് ഒരു മണി മുതൽ 4 മണി വരെ സബ് സെന്ററുകളിൽ ജീവനക്കാർ നിർബന്ധമായും ഉണ്ടാവേണ്ടതാണ്.
സബ് സെന്ററുകളിൽ ആവശ്യമായ ജീവനക്കാരെ നിയമിക്കുന്നതോടൊപ്പം രോഗികൾക്ക് കൃത്യമായ ചികിത്സയും മരുന്നും ലഭ്യമാക്കിയില്ലെങ്കിൽ ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ.
ആരോഗ്യ സബ് സെന്ററുകളുടെ പ്രവർത്തനം പരിശോധിക്കും. കുറവുകളുണ്ടെങ്കിൽ പരിഹരിക്കാൻ നടപടികൾ സ്വീകരിക്കും. രോഗികൾക്ക് ചികിത്സ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പ് വരുത്തും.
കെ.ജി.പ്രദീപ് കുമാർ, മുതലമട പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ.
ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം വളരെ ഖേദകരമാണ്. രോഗികളുടെ ചികിത്സയ്ക്ക് ആവശ്യമായ യാതൊരു സംവിധാനവും മുതലമടയിലെ ഹെൽത്ത് സബ് സെന്ററുകളിൽ ലഭ്യമല്ല. മികച്ച ചികിത്സയും മരുന്നുകളും ലഭ്യമാക്കണം.
എൽ.ശിവരാമൻ, ജനതാദൾ എസ്, മുതലമട പഞ്ചായത്ത് കമ്മിറ്റി അംഗം.