എക്സൈസ് ഇൻസ്പെക്ടറുടെ കാറിൽ നിന്ന് മദ്യവും പണവും പിടികൂടി
ചാലക്കുടി: ബാറുകളിൽ നിന്ന് പണപ്പിരിവ് നടത്തിയ എക്‌സൈസ് ഇൻസ്‌പെക്ടറെ കൊരട്ടി ചിറങ്ങരയിൽ വിജിലൻസ് പിടികൂടി. ഇരിങ്ങാലക്കുട എക്‌സൈസ് ഇൻസ്‌പെക്ടർ എൻ.ശങ്കറാണ് പിടിയിലായത്. 52,000 രൂപയും ഏഴ് കുപ്പി ഇന്ത്യൻ നിർമ്മിത മദ്യവും തൃശൂർ വിജിലൻസ് ഡിവൈ.എസ്.പി ജിം പോളിന്റെ നേതൃത്വത്തിൽ കണ്ടെടുത്തു.
എക്‌സൈസ് ഇൻസ്‌പെക്ടർ രണ്ട് സുഹൃത്തുക്കളോടൊപ്പം സ്വദേശമായ തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു. ഓണം അവധിയിലായിരുന്ന ഇയാൾ വിവിധ ബാറുകളിൽ നിന്ന് ശേഖരിച്ചതാണ് മദ്യമെന്ന് വിജിലൻസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു മിന്നൽ പരിശോധന. കണ്ടെടുത്ത മദ്യത്തിന്റെയും പണത്തിന്റെയും വിവരങ്ങൾ തയ്യാറാക്കി, ഉദ്യോഗസ്ഥർ വിജിലൻസ് ഡയറക്ടർക്ക് കൈമാറും. ശങ്കറിനെയും സുഹൃത്തുക്കളെയും പിന്നീട് വിട്ടയച്ചു. സി.ഐ ജയേഷ് ബാലൻ, എ.എസ്.ഐ സെൽവകുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ രജീഷ്, ബിബീഷ്, വിപിൻ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
ഗൂഗിൾ പേയിലൂടെ 2 ലക്ഷം കൈക്കൂലി വാങ്ങി എക്സൈസ്
തിരുവനന്തപുരം: എക്സൈസ് ഉദ്യോഗസ്ഥർ ഗൂഗിൾ പേ വഴി വാങ്ങിയ കൈക്കൂലി രണ്ടു ലക്ഷത്തിലേറെ രൂപ. ബാർ, കള്ളുഷാപ്പ് ഉടമകളിൽ നിന്നാണ് 2,12,500 രൂപ കൈക്കൂലി വാങ്ങിയത്. പത്തനാപുരം, പാല, കൊച്ചി എക്സൈസ് സർക്കിളുകളിലാണ് ഗൂഗിൾ പേ കൈക്കൂലി. എക്സൈസ് ഓഫീസുകളിൽ സംസ്ഥാന വ്യാപകമായി വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ, കണക്കിൽപ്പെടാത്ത 28,164 രൂപയും 25 കുപ്പി മദ്യവും പിടിച്ചെടുത്തു. ഓപ്പറേഷൻ സേഫ്സിപ്പ് എന്ന പേരിൽ 69 എക്സൈസ് ഓഫീസുകളിലാണ് പരിശോധന നടത്തിയത്. പരിശോധന തുടരുമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം അറിയിച്ചു.പത്തനംതിട്ടയിൽ 20 കിലോമീറ്ററിലേറെ ദൂരമുള്ള കള്ളുഷാപ്പുകളിൽ 10 മിനിറ്റിനിടെ പരിശോധന നടത്തിയതായി രേഖപ്പെടുത്തിയിരുന്നു. മലപ്പുറത്ത് കോടതിയിൽ ഹാജരായ ദിവസത്തിൽ പോലും ഉദ്യോഗസ്ഥർ ലോഡ് വേരിഫൈ ചെയ്തതായി സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ട്. വൈക്കം എക്സൈസ് ഓഫീസിലെ ടോയ് ലെറ്റിൽ പണം കണ്ടെത്തി.