ട്രാൻ.ബസും ജീപ്പും കൂട്ടിയിടിച്ച് യുവാവും 2 മക്കളും മരിച്ചു
ഓച്ചിറ (കൊല്ലം): ദേശീയപാതയിൽ ഓച്ചിറ വലിയകുളങ്ങര ജംഗ്ഷന് സമീപം കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചറും മഹീന്ദ്ര ഥാർ ജീപ്പും കൂട്ടിയിടിച്ച് യുവാവിനും രണ്ടു മക്കൾക്കും ദാരുണാന്ത്യം. ഭാര്യയ്ക്കും മൂത്തമകൾക്കും പരിക്കേറ്റു. ഇന്നലെ രാവിലെ 6.15നായിരുന്നു അപകടം. തേവലക്കര പടിഞ്ഞാറ്റിൻകര പൈപ്പ്മുക്ക് പ്രിൻസ് വില്ലയിൽ പ്രിൻസ് തോമസ് (44), മകൻ അതുൽ (14), മകൾ അൽക്ക (7) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ഭാര്യ ബിന്ധ്യ സൂസൻ (43) ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിലും മൂത്തമകൾ ഐശ്വര്യ (18) കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. തലയ്ക്കുൾപ്പടെ പരിക്കേറ്റ ഐശ്വര്യയുടെ നില ഗുരുതരമാണ്.
കെ.എസ്.ആർ.ടി.സി ഡ്രൈവർ കരുനാഗപ്പള്ളി കോഴിക്കോട് സ്വദേശി അനസ് (35), കണ്ടക്ടർ തഴവ കുറ്റിപ്പുറം സ്വദേശിനി ചന്ദ്രലേഖ (37) എന്നിവർ ഉൾപ്പടെ ബസിലുണ്ടായിരുന്ന ഇരുപതോളം പേർക്ക് നിസാര പരിക്കേറ്റു. ബിന്ധ്യയുടെ സഹോദരന്റെ മകനെ അമേരിക്കയിലേക്ക് യാത്രയാക്കാൻ നെടുമ്പാശേരി വിമാനത്താവളത്തിൽ പോയി തിരികെ വരുമ്പോഴായിരുന്നു അപകടം. കരുനാഗപ്പള്ളിയിൽ നിന്ന് ചേർത്തലയ്ക്ക് പോവുകയായിരുന്നു ബസ്. അപകടത്തിൽ ജീപ്പ് പൂർണമായും തകർന്നു. ബസിന്റെ മുൻവശത്തെ ആക്സിൽ ഉൾപ്പടെ വീൽസെറ്റ് വേർപ്പെട്ടു. ജീപ്പ് ഓടിച്ചിരുന്ന പ്രിൻസ് ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. ജീപ്പ് വെട്ടിപ്പൊളിച്ച് പ്രിൻസിനെ ഡ്രൈവർ സീറ്റിൽ നിന്ന് പുറത്തെടുക്കാൻ അരമണിക്കൂറോളം വേണ്ടിവന്നു. കരുനാഗപ്പള്ളിയിൽ നിന്നുള്ള ഫയർഫോഴ്സ് സംഘവും രക്ഷാപ്രവർത്തനം നടത്തി.
മാരാരിത്തോട്ടത്ത് പ്രവർത്തിക്കുന്ന ആശ്രയ മെഡിക്കൽസിന്റെയും കൈരളി ഫിനാൻസിയേഴ്സിന്റെയും ഉടമയാണ് പ്രിൻസ്. കരുനാഗപ്പള്ളി ജോൺ ഒഫ് കെന്നഡി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് അതുൽ. തേവലക്കര സ്ട്രാറ്റ്ഫോർഡ് പബ്ലിക് സ്കൂളിലെ രണ്ടാംക്ലാസ് വിദ്യാർത്ഥിയാണ് അൽക്ക. മൂന്നുപേരുടെയും മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം പിന്നീട്.