രണ്ട് ദിവസം മദ്യം ലഭിക്കില്ല; ഉത്രാട ദിനത്തില്‍ കേരളത്തില്‍ റെക്കോഡ് വില്‍പ്പന

Thursday 04 September 2025 10:28 PM IST

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത രണ്ട് ദിവസം ഓണം അവധിയെ തുടര്‍ന്ന് മദ്യ വില്‍പ്പന ഉണ്ടായിരിക്കില്ല. തിരുവോണം ദിനത്തിലും ചതയം ദിനത്തിലും മദ്യശാലകള്‍ പൂര്‍ണമായി അടഞ്ഞ് കിടക്കും. ആഘോഷ വേളയില്‍ രണ്ട് ദിവസം അവധിയായതിനാല്‍ തന്നെ വ്യാഴാഴ്ച ഉത്രാട ദിനത്തില്‍ കേരളമെമ്പാടുമുള്ള ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ നീണ്ട ക്യൂ കാണാമായിരുന്നു. പ്രീമിയം കൗണ്ടറുകളിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഇത്തവണ റെക്കോഡ് വില്‍പ്പന നടക്കുമെന്നാണ് അധികൃതര്‍ കണക്കുകൂട്ടുന്നത്.

കഴിഞ്ഞ വര്‍ഷത്തെ കണക്ക് പരിശോധിച്ചാല്‍ 2024ലെ ഉത്രാടം ദിനത്തില്‍ 124 കോടി രൂപയുടെ മദ്യമാണ് ബെവ്‌കോ വഴി വില്‍പ്പന നടന്നത്. അതിന് മുമ്പുള്ള വര്‍ഷം 116 കോടിയുടെ വില്‍പ്പനയും നടന്നു. ഈ രീതി പരിശോധിക്കുമ്പോള്‍ ഇക്കൊല്ലവും ഉത്രാട ദിനത്തിലെ മദ്യ വില്‍പ്പന സര്‍വകാല റെക്കോഡിലേക്ക് എത്താനാണ് സാദ്ധ്യതയെന്നും അധികൃതര്‍ കണക്കുകൂട്ടുന്നു.ബെവ്കോയ്ക്ക് സംസ്ഥാനത്ത് 278 ഔട്ട്ലെറ്റുകളും 155 സെല്‍ഫ് സര്‍വീസ് ഔട്ട്ലെറ്റുകളുമാണ് ഉള്ളത്.

തിരുവോണത്തിന് പുറമെ ശ്രീനാരായണ ഗുരു ജയന്തി പ്രമാണിച്ച് സെപ്റ്റംബര്‍ ഏഴിനും ശ്രീനാരായണ ഗുരു സമാധി ദിനം പ്രമാണിച്ച് സെപ്റ്റംബര്‍ 21-നും ബിവറേജസ് ഔട്ട്ലെറ്റുകള്‍ക്ക് അവധിയായിരിക്കും. ബെവ്‌കോയുടെ റെക്കോഡ് വില്‍പ്പനയും അധിക വരുമാനവും കണക്കിലെടുത്ത് ഇക്കൊല്ലം ജീവനക്കാര്‍ക്ക് വമ്പന്‍ തുകയാണ് ബോണസായി പ്രഖ്യാപിച്ചത്. 1,02,500 രൂപയാണ് ഇക്കൊല്ലത്തെ ഓണം ബോണസ്.

കഴിഞ്ഞവര്‍ഷം 95,000 രൂപയായിരുന്നു ജീവനക്കാര്‍ക്കുള്ള ഓണം ബോണസ്. അതിന് മുമ്പത്തെ വര്‍ഷം 90,000 രൂപയായിരുന്നു സ്ഥിരം ജീവനക്കാര്‍ക്ക് ബോണസ് ലഭിച്ചത്.