സ്നേഹത്തിന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാം: മുഖ്യമന്ത്രി

Friday 05 September 2025 3:28 AM IST

തിരുവനന്തപുരം: സ്‌നേഹത്തിന്റെയും സഹവർത്തിത്വത്തിന്റെയും മൂല്യങ്ങളെ ഉയർത്തിപ്പിടിച്ചുകൊണ്ട് നമുക്കൊരുമിക്കാമെന്ന് ഓണാശംസാ സന്ദേശത്തിൽ മുഖ്യമന്ത്രി പിണറായിവിജയൻ പറഞ്ഞു. സമൃദ്ധിയും സമത്വവും സന്തോഷവും നിറഞ്ഞ കേരളമായിരിക്കണം നമ്മുടെ ലക്ഷ്യം. ഇത്തവണത്തെ ഓണം ആ ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ ഊർജ്ജവും പ്രചോദനവും പകരട്ടെ. വികസിത കേരളമെന്ന സ്വപ്നം സാക്ഷാത്ക്കരിക്കുന്നതോടൊപ്പം ഒരാളെപ്പോലും വിട്ടുപോകാതെ അതിന്റെ ഗുണഫലം തുല്യമായി പങ്കുവയ്ക്കാനും സാധിക്കണം. അതേസമയം, ഈ മഹോദ്യമത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്ന വർഗീയതയുടേയും ഭിന്നിപ്പിന്റേയും വിഷം തുപ്പുന്നവരെ തിരിച്ചറിയാനും ജാഗ്രതയോടെ അകറ്റിനിറുത്താനും നാം ശ്രദ്ധിക്കേണ്ടതുണ്ട്. കേരളമെന്നാൽ ഐക്യത്തിന്റേയും സമാധാനത്തിന്റേയും മാതൃകസ്ഥാനമാണെന്ന് അവരെ ബോദ്ധ്യപ്പെടുത്താൻ കഴിയണം.