റെക്കാഡുകൾ തിരുത്തി സപ്ലൈകോ വിപണി ഇടപെടൽ

Friday 05 September 2025 2:33 AM IST

തിരുവനന്തപുരം: ഈ ഓണക്കാലത്തെ സപ്ലൈകോയുടെ വിപണി ഇടപെടൽ ചരിത്രം സൃഷ്ടിച്ചെന്ന് മന്ത്രി ജി.ആർ.അനിൽ. ഇന്നലെ ഉച്ച വരെ 55.21 ലക്ഷം ഉപഭോക്താക്കൾ സപ്ലൈകോ വിൽപനശാലകളിലെത്തി. 375 കോടിയുടെ വിൽപന നടന്നു. ഇതിൽ 175 കോടി സബ്സിഡി സാധന വിൽപനയിലൂടെയാണ്. കേരളത്തിലെ രണ്ടേ കാൽ കോടിയോളം ജനങ്ങൾക്ക് നേരിട്ട് പ്രയോജനം ലഭിച്ചു.

ഓഗസ്റ്റ് അവസാന വാരം തൊട്ട് പ്രതിദിന വിൽപന റെക്കാഡായിരുന്നു. ഓഗസ്റ്റ് 29ന് 17.91 കോടി, 30ന് 19.4 കോടി ,സെപ്തംബർ 1ന് 22.2 കോടി, 2ന് 24.99 കോടി, 3 ന് 24.22 കോടി കടന്നു.അരിയുടെയും വെളിച്ചെണ്ണയുടെയും ലഭ്യത ഉറപ്പു വരുത്തി വിലക്കയറ്റത്തിനുള്ള സാദ്ധ്യത ഫലപ്രദമായി തടഞ്ഞു. സെപ്തംബർ മൂന്നു വരെ സപ്ലൈകോ വഴി 1.19 ലക്ഷം ക്വിന്റൽ അരി വില്പന വഴി 37.03 കോടിയുടെയും 20.13 ലക്ഷം ലിറ്റർ ശബരി വെളിച്ചെണ്ണ വില്പനയിലൂടെ 68.96 കോടിയുടെയും 1.11 ലക്ഷം ലിറ്റർ കേര വെളിച്ചെണ്ണ വില്പനയിലൂടെ 4.95 കോടിയുടെയും വരവുണ്ടായി.

ജില്ലാ ഫെയറുകളിൽ 4.74 കോടിയുടെയും നിയോജക മണ്ഡല ഫെയറുകളിൽ 14.41

കോടിയുടെയും വില്പന നടന്നു.മഞ്ഞ കാർഡ് വിഭാഗത്തിനും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കും നൽകുന്ന ഓണക്കിറ്റിന്റെ വിതരണം ഇന്നലെ ഉച്ചയോടെ 5,39,436

എണ്ണം (90%) പൂർത്തിയായി.സപ്ലൈകോയുടെയും പൊതു വിതരണ വകുപ്പിലെയും, പ്രവർത്തനങ്ങൾ വിജയകരമാക്കിയ ദിവസവേതന – പായ്ക്കിംഗ് കരാർ തൊഴിലാളികൾ അടക്കമുള്ള ജീവനക്കാരെയും റേഷൻ വ്യാപാരികളെയും മന്ത്രി ജി. ആർ. അനിൽ അഭിനന്ദിച്ചു. .