മുഖ്യമന്ത്രി ക്ളിഫ് ഹൗസിൽ ഒാണമുണ്ണും; സതീശൻ നെട്ടൂരിലെ തറവാട്ടുവീട്ടിലും
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ തിരുവോണം, അവിട്ടം ദിവസങ്ങളിൽ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിൽ തന്നെയുണ്ടാവും. ഇന്ന് കുടുംബാംഗങ്ങൾക്കൊപ്പം ക്ളിഫ് ഹൗസിൽ ഓണ സദ്യയുണ്ണും. പ്രധാനപ്പെട്ട പൊതു പരിപാടികളൊന്നും ഈ ദിവസങ്ങളിലില്ല. ചതയ ദിനത്തിൽ ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിലെ ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുന്നത് മുഖ്യമന്ത്രിയാണ്.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഇന്നലെ എറണാകുളത്തു നിന്ന് മരട് നെട്ടൂരിലുള്ള തറവാട്ടു വീട്ടിലേക്ക് പോയി. തിരുവോണത്തിന് അവിടെ ചെലവിടും സതീശന്റെ നാല് സഹോദരന്മാരും സഹോദരിയും തറവാട്ടുവീടിന്റെ പരിസരത്താണ് താമസം. സതീശൻ പറവൂരിലെ വീട്ടിലും. തിരുവോണ ദിവസമാണ് എല്ലാവരും തറവാട്ടിൽ ഒത്തുചേരുക. തുടർന്നുള്ള ദിവസങ്ങളിൽ പൊതുപരിപാടികളും മണ്ഡലവുമായി ബന്ധപ്പെട്ട കാര്യങ്ങളുമുണ്ട്.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ തളിപ്പറമ്പ് മൊറാഴയിലെ വീട്ടിലാണ് ഓണസദ്യ ഉണ്ണുക. അവിട്ടത്തിന് പത്തനംതിട്ടയിലാണ് പാർട്ടി പരിപാടി.
കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫ് ഓണ ദിവസങ്ങളിലും പൊതു പരിപാടികളുടെ തിരക്കിലാണ്. കോൺഗ്രസ് പ്രാദേശിക നേതാവ് സുജിത്തിന് പൊലീസ് മർദ്ദനമേറ്റ സംഭവവുമായി ബന്ധപ്പെട്ട പാർട്ടി നടപടികൾക്ക് രൂപം നൽകാൻ ഇന്നലെ തൃശൂരിലായിരുന്നു. ഇന്ന് ഇരുട്ടി കൂടത്തുംകടവിലെ വീട്ടിൽ കുടുംബാംഗങ്ങൾക്കൊപ്പം ഓണമുണ്ണും. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഇന്നലെ ആലപ്പുഴയിൽ സംസ്ഥാന സമ്മേളന പരിപാടികളുടെ തിരക്കിലായിരുന്നു. അവിടെനിന്ന് എറണാകുളത്തേക്ക് പോയി. പാലാരിവട്ടത്തുള്ള സഹോദരി ബീനയ്ക്കും കുടുംബത്തിനുമൊപ്പമാണ് ബിനോയ് വിശ്വവും കുടുംബവും തിരുവോണ ദിവസം ചെലവിടുക. നാളെ തലസ്ഥാനത്ത് തിരിച്ചെത്തും.
മന്ത്രി വി.ശിവൻകുട്ടി ഔദ്യോഗിക വസതിയായ റോസ് ഹൗസിൽ ഓണമുണ്ണും.
മന്ത്രി പി.രാജീവിന് ഓണസദ്യ വീട്ടിലാവാൻ വഴിയില്ല. അദ്ദേഹത്തിന്റെ മണ്ഡലത്തിൽപ്പെട്ട തൃക്കാക്കര ക്ഷേത്രത്തിലെ ഓണസദ്യ ഉദ്ഘാടനം നിർവഹിക്കേണ്ടത് മന്ത്രിയാണ്. ഉദ്ഘാടനം കഴിഞ്ഞ് എല്ലാവർക്കുമൊപ്പം അവിടെ സദ്യ ഉണ്ണുകയായിരുന്നു മുൻ വർഷങ്ങളിൽ. എങ്കിലും കുടുംബാംഗങ്ങൾക്കൊപ്പം കളമശ്ശേരിയിലെ വീട്ടിൽ ഓണദിവസം ചെലവിടും. കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല ഈഞ്ചയ്ക്കലിൽ സഹോദരി ഉമയുടെ വീട്ടിൽ അമ്മയ്ക്കൊപ്പമാവും ഓണസദ്യ ഉണ്ണുക. കുടുംബാംഗങ്ങളും ഒപ്പമുണ്ടാവും. വൈകിട്ടോടെ അദ്ദേഹം ഹരിപ്പാട്ടേക്ക് പോകും.