യൂത്ത് കോൺഗ്രസ് നേതാവിന് മർദ്ദനം: പൊലീസുകാർക്കെതിരെയുള്ള നടപടി പുനഃപരിശോധിച്ചേക്കും
തൃശൂർ: കുന്നംകുളം പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്.സുജിത്തിനെ അതിക്രൂരമായി മർദ്ദിച്ച കേസിൽ എസ്.ഐക്കും പൊലീസുകാർക്കുമെതിരെ സ്വീകരിച്ച വകുപ്പുതല നടപടി പുനഃപരിശോധിച്ചേക്കും. ക്രൂരമർദ്ദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ പൊലീസുകാർ ചെയ്ത കുറ്റത്തിനുള്ള ശിക്ഷ നൽകാതെ സംരക്ഷിച്ചുവെന്ന വിമർശനം ഉയർന്നതോടെയാണ് കടുത്ത നടപടി വേണമോയെന്ന് ഡി.ജി.പി.റാവഡ ചന്ദ്രശേഖർ പരിശോധിക്കുന്നത്.
തൃശൂർ റേഞ്ച് ഡി.ഐ.ജി. എസ്.ഹരിശങ്കറിൽ നിന്നു കുറ്റകൃത്യത്തിന്റെ സ്വഭാവവും വകുപ്പ് തല നടപടികളും സംബന്ധിച്ച റിപ്പോർട്ട് വാങ്ങിയിട്ടുണ്ട്. എസ്.ഐ.നൂഹ്മാൻ, സി.പി.ഒമാരായ ശശീന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവരാണ് സുജിത്തിനെ 2023ൽ മർദ്ദിച്ചത്. സുഹൃത്തുക്കളെ പൊലീസ് ചോദ്യം ചെയ്തതിനെ എതിർത്തതിനായിരുന്നു മർദ്ദനം. കേസ് ഒത്തുതീർപ്പാക്കാൻ 20 ലക്ഷം വാഗ്ദാനം ചെയ്‌തെന്ന വി.എസ്.സുജിത്തിന്റെ വെളിപ്പെടുത്തലും ആരോപണ വിധേയർക്ക് തിരിച്ചടിയാകും.
സുജിത്ത് നൽകിയ പരാതിപ്രകാരം ക്രിമിനൽ കേസെടുത്ത് കോടതിയിൽ വിചാരണ നടക്കവേ, വകുപ്പ് തല നടപടി പുനഃപരിശോധിക്കണമോയെന്ന കാര്യത്തിൽ ഡി.ജി.പി നിയമോപദേശം തേടും. പൊലീസ് ആസ്ഥാനത്തെ അഴിമതിക്കാരായവർക്കെതിരെ സ്വീകരിച്ച വകുപ്പ് തല നടപടി പുനഃപരിശോധിച്ച് സർവീസിൽ നിന്നും പുറത്താക്കിയ കീഴ്വഴക്കമുണ്ട്. കോൺഗ്രസ് ശക്തമായി രംഗത്തെത്തിയതോടെ പൊലീസുകാർക്കെതിരെ നടപടിയെടുത്ത് മുഖം രക്ഷിക്കാനാകും ആഭ്യന്തര വകുപ്പിന്റെ ശ്രമം. സസ്‌പെൻഷൻ പോലും നൽകാതെ രണ്ട് ഇൻക്രിമെന്റ് റദ്ദാക്കുക മാത്രമാണ് സ്വീകരിച്ച വകുപ്പ് തല നടപടി. സി.സി.ടി.വി ദൃശ്യങ്ങൾ പൂർണമല്ലെന്നും ഇരട്ടി മർദ്ദനമാണ് തനിക്കേറ്റതെന്നും സുജിത്ത് വ്യക്തമാക്കിയിരുന്നു.