ഉത്രാടം തിരുനാൾ ജലോത്സവം, ചെറുകോലും കോറ്റാത്തൂർ - കൈതക്കോടിയും ജേതാക്കൾ
കോഴഞ്ചേരി : ഒന്നാമത് ചെറുകോൽ ഉത്രാടം തിരുനാൾ ജലോത്സവത്തിൽ എ ബാച്ചിൽ ചെറുകോലും ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടി പള്ളിയോടവും വിജയികളായി. എൻ.എസ്.എസ് ഡയറക്ടർ ബോർഡംഗം അഡ്വ.വി.ആർ രാധാകൃഷ്ണൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രമോദ് നാരായണൻ.എം.എൽ.എ ജലഘോഷയാത്ര ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ പി.ആർ.രാജീവ് മത്സര വള്ളംകളി ഫ്ലാഗ് ഓഫ് ചെയ്തു. ജല ഘോഷയാത്രയിൽ 12 പള്ളിയോടങ്ങൾ പങ്കെടുത്തു. ഭംഗിയായി പാടിത്തുഴഞ്ഞ് മികച്ച ചമയങ്ങളോടെ എത്തിയ പള്ളിയോടങ്ങൾക്കുള്ള ഭാരത കേസരി ട്രോഫി പൂവത്തൂർ പടിഞ്ഞാറ്, ഇടപ്പാവൂർ പള്ളിയോടങ്ങൾ നേടി. മികച്ച രീതിയിൽ വഞ്ചിപ്പാട്ട് പാടി തുഴഞ്ഞ പള്ളിയോടത്തിനുള്ള നെടുമ്പയിൽ ആശാൻ സ്മാരക ട്രോഫി കീഴുകര പള്ളിയോടത്തിന് സമ്മാനിച്ചു. ജല ഘോഷയാത്രയിലെ മികച്ച പ്രകടനത്തിന് ളാക ഇടയാറന്മുള , കോയിപ്രം , കുറിയന്നൂർ , ഇടപ്പാവൂർ പേരൂർ പള്ളിയോടങ്ങൾ ട്രോഫി നേടി. വഞ്ചിപ്പാട്ട് മത്സരത്തിൽ കീക്കൊഴൂർ വയലത്തല ഒന്നാം സമ്മാനം നേടി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഏബ്രഹാം , പള്ളിയോട സേവാ സംഘം പ്രസിഡന്റ് കെ.വി.സാംബദേവൻ , സെക്രട്ടറി പ്രസാദ് ആനന്ദ ഭവൻ , മുൻ എം.എൽ.എമാരായ രാജു ഏബ്രഹാം, എ.പത്മകുമാർ , ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ.ഇന്ദിരാ ദേവി , ചെറുകോൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.സന്തോഷ് , ഉത്രാടം തിരുനാൾ ഫൗണ്ടേഷൻ സെക്രട്ടറി പി.രാജേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.