ആറന്മുള ഉത്രട്ടാതി വള്ളംകളി : കൂലി തുഴച്ചിൽക്കാരെ അനുവദിക്കില്ല
ആറന്മുള : ഉത്രട്ടാതി ജലമേളയുടെ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് , പള്ളിയോട സേവാസംഘം ഭാരവാഹികൾ, പള്ളിയോട ക്യാപ്റ്റൻമാർ, പ്രതിനിധികൾ എന്നിവരുടെ സംയുക്ത യോഗം പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ നടന്നു. ഉത്രട്ടാതി ജലമേള ആചാരാനുഷ്ഠാനങ്ങൾ പാലിച്ചുകൊണ്ട് കുറ്റമറ്റരീതിയിൽ സമയബദ്ധിതമായി പൂർത്തീകരിക്കുന്നതിന് തീരുമാനിച്ചു. കൂലിതുഴച്ചിലുകാരുമായി മത്സര വള്ളംകളിയിൽ പങ്കെടുക്കുന്ന പള്ളിയോടങ്ങളെ അയോഗ്യരാക്കും. പരമ്പരാഗത വേഷവിധാനമായ വെള്ളമുണ്ടും തലയിൽ വട്ടക്കെട്ടുമെന്നുള്ള വസ്ത്രധാരണം മാത്രമേ പള്ളിയോടത്തിൽ ധരിക്കാവൂ. തിരുവോണത്തോണിയുടെ സുഗമായ യാത്രയ്ക്ക് തടസമില്ലാത്ത രീതിയിൽ മാത്രമേ പള്ളിയോടങ്ങൾ അകമ്പടി സേവിക്കാവൂ. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഈ വർഷത്തെ ജലമേള കുറ്റമറ്റ രീതിയിൽ നടത്തുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും നടന്നുവരുന്നതായി പള്ളിയോട സേവാസംഘം ഭാരവാഹികൾ അറിയിച്ചു. പത്തനംതിട്ട ഡി വൈ എസ് പി ന്യൂമാൻ, തിരുവല്ല ഡി വൈ എസ് പി നന്ദകുമാർ, പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി.സാംബദേവൻ, സെക്രട്ടറി പ്രസാദ് ആനന്ദ ഭവൻ, റെയ്സ് കമ്മിറ്റി കൺവീനർ അജി ആർ.നായർ, പള്ളിയോട സേവാസംഘം ഭാരവാഹികൾ, ക്യാപ്റ്റൻമാർ, പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.