കേരള പ്രീമിയർ ലീഗ് ചെസ് നാളെ മുതൽ

Thursday 04 September 2025 11:17 PM IST

തിരുവനന്തപുരം : പ്രഥമ കേരള പ്രിമിയർ ലീഗ് ചെസ് ടൂർണമെന്റ് ശനിയും ഞായറുമായി തിരുവനന്തപുരം ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നടക്കും.യു.എസിലെ ഡെലാവെർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രീമിയർ ചെസ് അക്കാഡമിയാണ് കേരള പ്രീമിയർ ചെസ് ലീഗ് (കെ.പി.സി.എൽ) ടീം ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള ചെസ് ലീഗാണിത്. ആകെ 25 ലക്ഷം രൂപയാണ് പ്രൈസ്മണി. മത്സരം ശനി രാവിലെ 8.30 ന് ആരംഭിക്കും. സെമി ഫൈനലും ഫൈനലും ഞായറാഴ്ച നടക്കും. മത്സരത്തിന്റെ ലൈവ് ടെലികാസ്റ്റിങ് പ്രീമിയർ ചെസ് അക്കാദമി യുട്യൂബ് ചാനലിലൂടെ നടത്തുമെന്നും സിഇഒ രഞ്ജിത് ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

14

ജില്ലകളെ പ്രതിനിധീകരിച്ച് 14 ടീമുകളാണ് പങ്കെടുക്കുക. ഒരു ടീമിൽ 25 കളിക്കാരാണുള്ളത്. 20 കളിക്കാർ കേരളത്തിൽനിന്നുള്ളവരും അഞ്ചുപേർ പുറത്തുനിന്നുള്ളവരുമാണ്.

10

ലക്ഷം രൂപയാണ് ഒന്നാംസ്ഥാനം നേടുന്ന ടീമിന് ലഭിക്കുക. രണ്ട് , മൂന്ന്, നാല് സ്ഥാനക്കാർക്ക് ഏഴുലക്ഷം, നാലുലക്ഷം, മൂന്നുലക്ഷം എന്നിങ്ങനെയാണ് സമ്മാനത്തുക.

ടീമുകൾ

ട്രിവാൻഡ്രം ടൈ​റ്റൻസ്, കൊല്ലം നൈയിട്ട്സ്, പത്തനംതിട്ട പയനീർസ്, കോട്ടയം കിംഗ്സ്, ഇടുക്കി ഇൻവിസിബിൾസ്, ആലപ്പുഴ ആർച്ചേഴ്സ്, എറണാകുളം ഈഗിൾസ്, തൃശൂർ തൻഡേർസ്, പാലക്കാട് പാന്തേഴ്സ്, മലപ്പുറം മാവെറിക്സ്, കോഴിക്കോഡ് കിംഗ്സ്ലയെർസ്, കണ്ണൂർ ക്രൂസെഡേസ്, വയനാട് വാരിയേഴ്സ്, കാസർഗോഡ് കോൺകറേഴ്സ്

പതിനാലു ടീമുകളിൽ മൂന്നെണ്ണത്തിൽ മാത്രമാണ് ഗ്രാൻഡ്മാസ്​റ്റർമാർ ഉള്ളത്. കോട്ടയം കിംഗ്സിൽ തമിഴ്നാട്ടിൽ നിന്നുള്ള എം.ആർ.വെങ്കടേഷും, തൃശൂർ തണ്ടേഴ്സിൽ തമിഴ്നാട്ടിലെ തന്നെ ദീപൻ ചക്രവർത്തിയും വയനാട് വാരിയേഴ്സിൽ ഒറീസയിൽ നിന്നുള്ള സ്വയംസ് മിശ്രയും മത്സരിക്കും.