ശിശുക്ഷേമ സമിതിയിലെ കുട്ടികൾക്കൊപ്പം ഓണമാഘോഷിച്ച് കളക്ടർ

Thursday 04 September 2025 11:28 PM IST

മലപ്പുറം: ജില്ലാ ശിശുക്ഷേമ സമിതി ശിശു പരിപാലന കേന്ദ്രത്തിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽ കുട്ടികൾക്കൊപ്പം സദ്യയുണ്ണാൻ ജില്ലാ കളക്ടറെത്തി. കുട്ടികൾക്ക് കളിപ്പാട്ടങ്ങളും ഓണക്കോടികളും മധുര പലഹാരങ്ങളുമായി മേൽമുറി പ്രിയദർശനി കോളേജിലെ എൻ.എസ്.എസ് വൊളന്റിയർമാരും, പട്ടർകടവ് എ.എൽ.പി സ്‌കൂൾ വിദ്യാർത്ഥികളും നാട്ടുകാരുമെത്തി. ശിശു പരിചരണ കേന്ദ്രത്തിലെ അമ്മമാർ പൂക്കളമൊരുക്കി. ജില്ലാ കളക്ടർ വി.ആർ.വിനോദിനെ ശിശു പരിപാലന കേന്ദ്രത്തിലെ ജീവനക്കാരും കുട്ടികളും ചേർന്ന് പുഷ്പഹാരം നൽകി സ്വീകരിച്ചു. കുട്ടികളും അമ്മമാരും ചേർന്ന് തിരുവാതിരക്കളിയും മറ്റ് കലാപരിപാടികളും അവതരിപ്പിച്ചു. ഓണക്കളികൾക്ക് ജയപ്രകാശ് കോക്കാട് നേതൃത്വം നൽകി. ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി പി.സതീശൻ, ജോയിന്റ് സെക്രട്ടറി പി.രാജൻ, ട്രഷറർ വി.ആർ.യശ്പാൽ എന്നിവർ സംസാരിച്ചു. കേന്ദ്രം മാനേജർ കെ.പി.ശ്രീജിത്ത് സ്വാഗതവും സി.എസ്.സുരേഷ് കുമാർ നന്ദിയും പറഞ്ഞു.