ഓണനിലാവ് മായ്ഞ്ഞ് പ്രിൻസ് വില്ല
കൊല്ലം: രാവിലെ പ്രിയപ്പെട്ടവരെ വിളിച്ച് ഹാപ്പി ഓണം പറയണം. ഓണക്കോടി അണിയണം, തൂശനിലയിൽ ഓണസദ്യ കഴിക്കണം. പിന്നെ ഓണക്കളികൾ തിമിർക്കണം. എയർപോർട്ടിൽ നിന്ന് വീട്ടിലേക്കുള്ള മടക്കയാത്രയ്ക്കിടയിൽ പ്രിൻസും ബിന്ദ്യയും മക്കളും മനസിൽ ഒരുപിടി ഓണസ്വപ്നങ്ങൾ നെയ്തിട്ടുണ്ടാകും. പക്ഷെ പ്രിൻസ് വില്ലയ്ക്ക് മേൽ പടർന്നിരുന്ന ഓണനിലാവ് ഇന്നലെ പെട്ടെന്ന് മായ്ഞ്ഞു.
കളിച്ചും ചിരിച്ചും ഏറെ സന്തോഷത്തോടെയും അതിലുപരി പ്രതീക്ഷയോടെയും പുറപ്പെട്ട യാത്ര വൻ ദുരന്തത്തിലേയ്ക്ക് വഴിമാറിയതിന്റെ ആഘാതത്തിലാണ് പടിഞ്ഞാറ്റിൻകര. ഓണത്തെ വരവേൽക്കാൻ ഒരുക്കങ്ങളോടെ കാത്തിരുന്ന തേവലക്കര പടിഞ്ഞാറ്റിൻകരക്കാരെ ഉത്രാട പുലരിയിൽ വരവേറ്റത് കൈരളി ഫിനാൻസ് ഉടമ പ്രിൻസിന്റെയും മക്കളുടെയും മരണവാർത്തയാണ്. പ്രിൻസിന്റെയും മക്കളായ അതുൽ, അൽക്ക എന്നിവർ എന്നെന്നേക്കുമായി തങ്ങളെ വിട്ടുപോയെന്ന സത്യം ഉൾക്കൊള്ളാനാകാത്ത അവസ്ഥയിലാണ് ബന്ധുക്കളും നാട്ടുകാരും. വീട്ടിലേക്ക് എത്താൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കേയാണ് മരണം ഈ കുടുംബത്തിന്റെ സന്തോഷം കവർന്നെടുത്തത്. കഴിഞ്ഞ ദിവസം വൈകിയും പ്രിൻസും കുടുംബവും വീട്ടിൽ ഉണ്ടായിരുന്നു. ഈ സമയം യാത്രാ വിവരങ്ങൾ സുഹൃത്തുക്കളോട് പങ്കുവച്ചിരുന്നു.
ഥാർ വാങ്ങിയത് ഒന്നരമാസം മുമ്പ്
വാഹനപ്രേമിയായ പ്രിൻസ് ഒന്നരമാസം മുമ്പ് മോഹിച്ച് വാങ്ങിയ പുതിയ ഥാറിലായിരുന്നു ഇവരുടെ അവസാന യാത്ര.
ചിരിയും തമാശയും നിറഞ്ഞു നിന്നിരുന്ന അഞ്ച് അംഗങ്ങൾ ഉണ്ടായിരുന്ന പ്രിൻസ് വില്ലയും ഇരുന്നൂറോളം മീറ്റർ മാറി അപ്പുറത്തുള്ള പ്രിൻസിന്റെ കുടുംബവീടായ പ്രവീൺ വില്ലയിലും മാത്രമല്ല പൈപ്പ്മുക്ക് ഗ്രാമമാകെ ആളും ആരവവും കെട്ടടങ്ങിയ നിലയിയാണ്. പ്രിൻസിന്റെ സഹോദരൻ കുടുംബമായി കാനഡയിലായതിനാൽ പിതാവ് തോമസും അമ്മ മറിയാമ്മയുമാണ് കുടുംബ വീട്ടിൽ താമസിച്ചിരുന്നത്. പ്രിൻസിന്റെ മക്കളായ ഐശ്വര്യയും അൽക്കയും അതുലും ഇവിടുത്തെ സ്ഥിരം സന്ദർശകരായിരുന്നു. പ്ലസ്ടു പഠനം കഴിഞ്ഞ് തുടർപഠനത്തിനായി കാത്തിരിക്കുന്ന മൂത്തമകൾ ഐശ്വര്യയെ എം.ബി.ബി.എസിന് വിടണമെന്നായിരുന്നു പ്രിൻസിന്റെ ആഗ്രഹം. ഈ ആഗ്രങ്ങളൊന്നും പൂർത്തിയാക്കാതെ പ്രിൻസും മക്കളും യാത്രയായത് വിശ്വസിക്കാനാകാതെ വിറങ്ങലിച്ച് നിൽക്കുകയാണ് വീട്ടുകാരും നാട്ടുകാരും.