ഉത്രാടപ്പാച്ചിൽ കഴിഞ്ഞു; ഇന്ന് തിരുവോണം

Friday 05 September 2025 12:00 AM IST

കൊല്ലം: ഇന്നത്തെ തിരുവോണത്തെ വരവേൽക്കാൻ അവസാനവട്ട ഒരുക്കങ്ങൾക്കായി നാട് ഇന്നലെ ഉത്രാടപ്പാച്ചിലിലായിരുന്നു. അത്തം മുതൽ പത്തുനാൾ നീളുന്ന ഓണം ഒരുക്കത്തിൽ വിപണി കൂടുതൽ സജീവമായത് ഉത്രാടദിനമായ ഇന്നലെയാണ്. ജനങ്ങൾ ഒഴുകിയെത്തിയതോടെ നഗരവീഥികൾ ഞെങ്ങിഞെരുങ്ങി. കാൽനടയാത്രപോലും ബുദ്ധിമുട്ടായി. പച്ചക്കറി കടകളിലും വസ്ത്രശാലകളിലുമായിരുന്നു തിരക്ക് കൂടുതൽ. പുത്തൻ ട്രെൻഡുകളുടെ ശേഖരവുമായി തുണിക്കടകൾ ഓണത്തെ വരവേൽക്കാൻ നേരത്തെ തന്നെ ഒരുങ്ങിയിരുന്നു. ഇന്നലെ തിരക്കേറിയതോടെ മിക്ക വസ്ത്രവ്യാപാരശാലകളും അർദ്ധരാത്രിയിലാണ് കച്ചവടം അവസാനിപ്പിച്ചത്. ചെറുകിട കച്ചവടക്കാർ നഗരപാതകൾ കൈയടക്കി. ഓണച്ചന്ത, ഭക്ഷ്യമേള, വിപണനമേള, തുണിക്കടകൾ, ബേക്കറികൾ, പച്ചക്കറി കടകൾ, ഗൃഹോപകരണക്കടകൾ, മൊബൈൽ ഷോപ്പുകൾ, പലചരക്ക് കടകൾ, കൺസ്യൂമർഫെഡ്, സപ്ലൈകോ, ഹോർട്ടികോർപ്പ്, കുടുംബശ്രീ എന്നിവിടങ്ങളിലും നല്ല തിരക്ക് അനുഭവപ്പെട്ടു.

സദ്യയും പായസവും കെങ്കേമം

തിരുവോണസദ്യയ്ക്കുള്ള ഒരുക്കങ്ങൾ വീടുകളി​ലും ഹോട്ടലുകളി​ലുമൊക്കെ ഇന്നലെ തന്നെ തുടങ്ങി. അച്ചാറും ഉപ്പേരിയും ഉത്രാടദിനത്തിൽ തന്നെ തയ്യാറായി. ഹോട്ടലുകൾക്ക് ഇന്നലെ ഉറക്കമില്ലാത്ത രാത്രിയായിരുന്നു. ബുക്കിംഗ് അനുസരിച്ച് സദ്യയുടെയും പായസത്തിന്റെയും മറ്റും വിതരണം ഇന്ന് രാവിലെ തന്നെ ആരംഭിക്കേണ്ടതുണ്ട്. വ്യത്യസ്ത രൂചിമേളം തീർക്കുന്ന പായസ വിൽപനയും പൊടിപൊടിച്ചു. പാലട, അടപ്രഥമൻ എന്നിവയ്ക്കാണ് ആവശ്യക്കാരേറെ. പൈനാപ്പിൾ, പപ്പായ, കാരറ്റ്, ചക്ക പായസങ്ങളും വിപണിയിലുണ്ട്.