ഉത്രാടപ്പുലരിയിൽ കണ്ണീർപ്പെയ്ത്ത്
കൊല്ലം: ഉത്രാടപ്പാച്ചിലിനായി മനസുകൾ ഒരുങ്ങുമ്പോഴാണ് ഓച്ചിറയിൽ ദാരുണമായ അപകടമുണ്ടായത്. കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസും ഥാർ ജീപ്പും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേരാണ് മരിച്ചത്. മൂത്ത മകൾ ഗുരുതരാവസ്ഥയിലാണ്.
നാട് പിന്നീട് ഓണത്തിരക്കിലേക്ക് പായുമ്പോഴും എല്ലാവരുടെയും ഉള്ളിൽ ഒരു വിങ്ങലായി അപകടത്തിൽ മരിച്ച പ്രിൻസും രണ്ട് മക്കളും നിറഞ്ഞുനിൽക്കുന്നുണ്ടായിരുന്നു. പ്രിയപ്പെട്ടവരെ നഷ്ടമായ ഒരമ്മയും മകളുമുണ്ടായിരുന്നു.
അപകടത്തിന്റെ ഉഗ്രശബ്ദവും പിന്നാലെ ഉയർന്ന കൂട്ട നിലവിളിയും ഓച്ചിറ വലിയകുളങ്ങരക്കാരുടെ മനസിൽ നിന്ന് ഇനിയും മായ്ഞ്ഞിട്ടില്ല. അവർ ഓടിയെത്തിയപ്പോൾ കണ്ടത് ചോരക്കളമാണ്. വാഹനത്തിൽ പ്രിൻസിരുന്ന ഭാഗം പൂർണമായും തകർന്നിരുന്നു. പ്രിൻസിന്റെ മകൻ അതുൽ റോഡിൽ രക്തം വാർന്ന് കിടക്കുകയായിരുന്നു. അതുൽ വാഹനത്തിന്റെ പിൻസീറ്റിലായിരുന്നു ഇരുന്നിരുന്നത്. ഇടിയുടെ ആഘാതത്തിൽ വാഹനത്തിന്റെ ഗ്ലാസ് തകർന്ന് അതുൽ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ആദ്യമെത്തിയ ആബുലൻസിൽ അതുലിനെയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പിന്നീട് പിൻസീറ്റിലിരുന്ന അൽക്കയെയും ഐശ്വര്യയെയും ആശുപത്രിയിലെത്തിച്ചു.
പ്രിൻസിരുന്ന ഭാഗം പൂർണമായും തകർന്നിരുന്നു. അതുകൊണ്ട് തന്നെ വാഹനം വെട്ടിപ്പൊളിച്ചാണ് പ്രിൻസിന്റെ മൃതദേഹം പുറത്തെടുത്തത്. അപകടത്തിലെ അത്ഭുതകരമായ രക്ഷപെടലാണ് പ്രിൻസിന്റെ ഭാര്യ ബിന്ധ്യയുടേത്. വാഹനത്തിന്റെ മുൻസീറ്റിലിരുന്ന ബിന്ധ്യയ്ക്ക് കാര്യമായ പരിക്കുകളുണ്ടായിരുന്നില്ല. പക്ഷേ ബോധരഹിതയായിരുന്നു.
നാട് ഒറ്റക്കെട്ടായ രക്ഷാപ്രവർത്തനം
അപകടം ഉണ്ടായതിന് പിന്നാലെ വലിയകുളങ്ങരക്കാർ പകച്ചുനിൽക്കാതെ രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. പൊലീസും ഫയർഫോഴ്സും എത്തുന്നതിന് മുമ്പേ നാട്ടുകാർ അതുലിനെയും സഹോദരിമാരെയും ആശുപത്രിയിൽ എത്തിച്ചിരുന്നു. അവർ വീടുകളിലേക്ക് തിരിച്ചുപാഞ്ഞ് ആയുധങ്ങളുമായെത്തി വാഹനം വെട്ടിപ്പൊളിച്ച് പ്രിൻസിനെയും ഭാര്യയെയും പുറത്തെടുക്കുകയായിരുന്നു. ഇതിനിടയിൽ തന്നെ നാട്ടുകാർ ബസിൽ ഉണ്ടായിരുന്നവരെയും ആശുപത്രിയിലെത്തിച്ചു.
അപകടത്തെ തുടർന്ന് ദേശീയപാതയിൽ വലിയകുളങ്ങരയിൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. റോഡിൽ പടർന്ന രക്തം ഫയർഫോഴ്സ് പിന്നീട് കഴുകി നീക്കുകയായിരുന്നു.
'കാതിൽ ഇപ്പോഴും നിലവിളി"
വലിയകുളങ്ങരയിൽ റോഡിന് സമീപം താമസിക്കുന്ന ഫാത്തിമ നിവാസിൽ അനീസ് ഇരുനില വീടിന്റെ മുകളിലത്തെ നിലയിൽ നിൽക്കുകയായിരുന്നു. ഉഗ്രശബ്ദവും പിന്നാലെയുള്ള നിലവിളിയും കേട്ട് അനീസ് അപകട സ്ഥലത്തേക്ക് പാഞ്ഞു. ചോരയിൽ കുളിച്ച ശരീരങ്ങൾ കണ്ട് മനസൊന്ന് പതറിയെങ്കിലും അനീസ് ആത്മവിശ്വാസം വീണ്ടെടുത്തു. അപ്പോഴേക്കും പരിസരവാസികളും എത്തിയിരുന്നു. ഗുരുതരമായി പരിക്കേറ്റിരുന്നെങ്കിലും ജീവൻ നഷ്ടമാകരുതേയെന്ന പ്രാർത്ഥനയോടെയാണ് പ്രിൻസ് ഒഴികെ നാലുപേരെയും ആംബുൻസിലേക്ക് കയറ്റിയത്. പക്ഷെ ഏറെ വൈകും മുമ്പേ പ്രിൻസിന്റെ രണ്ട് മക്കളുടെ മരണവാർത്തയെത്തി. വലിയകുളങ്ങരയിലെ അന്തരീക്ഷത്തിൽ പടർന്ന രക്തത്തിന്റെ ഗന്ധം മാറിയിട്ടും അനീസിന്റെ കാതിൽ നിന്ന് ആ നിലവിളി മായ്ഞ്ഞിട്ടില്ല.