ഓച്ചിറ വലിയകുളങ്ങരയിൽ അപകടങ്ങൾ തുടർക്കഥ

Friday 05 September 2025 12:00 AM IST

ക്ലാപ്പന: ഒരു കുടുംബത്തിലെ മൂന്ന് പേരുടെ ജീവനെടുത്ത അപകടം നടന്ന ഓച്ചിറ വലിയകുളങ്ങരയിൽ അപകടങ്ങൾ തുടർക്കഥയായി മാറുകയാണ്. സുരക്ഷയ്ക്ക് യാതൊരു വിലയും കല്പിക്കാതെയുള്ള ദേശീയപാത നിർമ്മാണമാണ് ഈ ഭാഗം കുരുതിക്കളമാക്കുന്നത്.

ദേശീയപാതയുടെ ടാറിംഗ് ജോലികൾ അപകടമുണ്ടായ സ്ഥലത്തിന്റെ ഇരുവശത്തും ഏകദേശം പൂർത്തിയായിട്ടുണ്ട്. ഇടയ്ക്കുള്ള നാല്പതു മീറ്റർ സ്ഥലത്ത് പണിയാന്നും ചെയ്യാതെ കിടക്കുകയാണ്. റോഡിന്റെ ഒരു വശത്തുകൂടി മാത്രമാണ് ഗതഗതം അനുവദിച്ചിട്ടുള്ളത്. അപകടസ്ഥലത്ത് ടാർ പണി പൂർത്തിയാകാത്തതിനാൽ വാഹന ഗതാഗതത്തിനു യോഗ്യമായ സ്ഥലത്തിന് വീതി വളരെ കുറവാണ് എന്ന് മാത്രമല്ല തെറ്റായി ഡീവിയേഷൻ ബോർഡും സ്ഥാപിച്ചിട്ടുണ്ട്.

രണ്ട് ദിവസം മുമ്പ് ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾക്ക് സാരമായി പരിക്കേറ്റിരുന്നു. ഇതേ സ്ഥലത്ത് തന്നെ കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ ഇഷ്ടികയുമായി വന്ന ടിപ്പർ ലോറി ബാരിക്കേഡിൽ ഇടിച്ച് അപകടമുണ്ടായി. കെ.എസ്.ആർ.ടി. സി. ബസ് ഡിവൈഡറിന്റെ മേൽ കയറി അപകടമുണ്ടായിട്ടും നാഷണൽ ഹൈവേ അധികൃതരോ റോഡ്‌ പണി ഏറ്റെടുത്തിരിയ്ക്കുന്ന കരാർ കമ്പനിയോ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.