ഇന്ന് സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും തിരുവോണം, ആഘോഷമാക്കി മലയാളികൾ
തിരുവനന്തപുരം: പൂക്കളവും ഓണക്കോടിയും വിഭവസമൃദ്ധയുമായ സദ്യവട്ടങ്ങളുമായി മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടെയും നിറവിൽ ഇന്ന് തിരുവോണം ആഘോഷിക്കുന്നു. ക്ഷേത്രങ്ങളിലെല്ലാം നല്ല തിരക്കാണ് രാവിലെ അനുഭവപ്പെടുന്നത്. തൃക്കാക്കര വാമനമൂർത്തി ക്ഷേത്രത്തിൽ തിരുവോണത്തോടനുബന്ധിച്ച് പ്രത്യേക ചടങ്ങുകളുമുണ്ട്. മഹാബലിയെ എതിരേൽക്കുന്നതാണ് പ്രധാന ചടങ്ങ്. ക്ലബുകളുടെയും അസോസിയേഷനുകളുടെയും ആഭിമുഖ്യത്തിൽ നാടൊട്ടുക്കും ആഘോഷങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. ചിലയിടങ്ങളിൽ ആഘോഷങ്ങൾ ദിവസങ്ങൾ നീണ്ടുനിൽക്കും.
മലയാളിയുടെ ഗൃഹാതുരമായ ഒരു ഓർമകൂടിയാണ് തിരുവോണം. കർക്കടകത്തിലെ വറുതികൾ അവസാനിപ്പിച്ച് ചിങ്ങമാസമെത്തുന്നതോടെ കാർഷിക സമൃദ്ധിയുടെയും നിറവിന്റെയും നാളുകൾ വന്നെത്തുകയായി. തുമ്പയും തുളസിയും മുക്കിറ്റിയുമൊക്കെ നിറഞ്ഞ തൊടികളും വീട്ടുമുറ്റങ്ങളും ഇന്ന് ഏറെക്കുറെ അന്യമായെങ്കിലും മാർക്കറ്റിൽ നിന്ന് പൂക്കൾ വാങ്ങിച്ച് പൂക്കളമൊരുക്കിയും ഒത്തൊരുമിച്ചും മലയാളികൾ ഓണത്തെ ചേർത്തുപിടിക്കുന്നുണ്ട്. അതിന് തെളിവാണ് ഓരോ ഓണക്കാലവും.