ഇത്തവണ ഓണത്തിന് റെക്കോഡ് മദ്യവില്പന, ഉത്രാടദിനത്തിൽ മാത്രം 137 കോടിയുടെ വില്പന

Friday 05 September 2025 12:57 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കാലത്തെ മദ്യവില്പനയിൽ ഇത്തവണ റെക്കോഡ് നേട്ടം. ഇക്കഴിഞ്ഞ പത്തുദിവസത്തിനുള്ളിൽ വിറ്റുപോയത് 826.38 കോടിയുടെ മദ്യമാണ്. കഴിഞ്ഞവർഷത്തെക്കാൾ 50കോടിയുടെ അധിക വില്പനയാണ് ഇത്തവണ നടന്നതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. ആറ് ഔട്ട്ലെറ്റുകളിൽ ഒരുകോടിയിലധികം രൂപയുടെ വിറ്റുവരവുണ്ടായി എന്നും റിപ്പോർട്ടുണ്ട്. കഴിഞ്ഞവർഷം ഓണക്കാലത്ത് 776 കോടിയുടെ മദ്യമാണ് വിറ്റത്.

ഉത്രാടദിവസമായ ഇന്നലെ മാത്രം 137 കോടിയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞവർഷം ഇത് 126 കോടിയായിരുന്നു. ഓണക്കാല മദ്യവില്പനയിൽ മുന്നിലുള്ളത് കരുനാഗപ്പള്ളി ഔട്ട്ലെറ്റാണ്. 146.08 ലക്ഷം രൂപയുടെ വില്പനയാണ് ഇന്നലെ നടന്നത്. കൊല്ലത്തെ തന്നെ ആശ്രാമം ഔട്ട്ലെറ്റാണ് രണ്ടാംസ്ഥാനത്ത്. 123 ലക്ഷം രൂപയുടെ മദ്യമാണ് വിറ്റത്. എടപ്പാൾ ഔട്ട്ലെറ്റാണ് മൂന്നാം സ്ഥാനത്ത്. ഇവിടെ 110.79 ലക്ഷം രൂപയുടെ വിറ്റുവരവാണ് ഉണ്ടായത്.