അയ്യപ്പസംഗമത്തിൽ പങ്കെടുക്കുമാേ എന്ന് ചോദ്യം, ഞാനൊരു മന്ത്രിയാണെന്ന് മറുപടി

Friday 05 September 2025 4:33 PM IST

തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തിൽ പങ്കെടുക്കുമാേ എന്ന ചോദ്യത്തിന് ഞാനൊരു മന്ത്രിയാണെന്ന മറുപടിയുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. മെഡിക്കൽ കോളേജിൽ സേവാഭാരതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം. ചോദ്യത്തിന് ആദ്യം പ്രതികരിക്കാതിരുന്ന സുരേഷ് ഗോപി പിന്നീടാണ് ഇങ്ങനെ പ്രതികരിച്ചത്.

സംസ്ഥാനസർക്കാരിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അയ്യപ്പസംഗമത്തിലേക്ക് സുരേഷ് ഗോപിയെ ദേവസ്വം പ്രസിഡന്റ് പിഎസ് പ്രശാന്ത് വീട്ടിലെത്തി ക്ഷണിച്ചിരുന്നു. കേരളത്തിൽ നിന്നുള്ള രണ്ട് കേന്ദ്രമന്ത്രിമാരെ സംഗമത്തിലേക്ക് ക്ഷണിക്കുമെന്ന് സംഘാടകർ നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാൽ സംഗമത്തിനെതിരെ ബിജെപി കടുത്തവിമർശനം ഉയർത്തുന്ന പശ്ചാത്തലത്തിൽ ഇവർ പങ്കെടുക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു സുരേഷ് ഗോപിയോടുള്ള ചോദ്യം.