ജിഎസ്‌ടി ഇളവ്: പ്രമുഖ ബ്രാൻഡ് കാറുകൾക്ക് കുറയുന്നത് ഒരുലക്ഷം രൂപവരെ, ടിവിക്ക് 10,000 രൂപ, വിലക്കുറവിൽ ഉറപ്പുനൽകി വമ്പൻ കമ്പനികൾ

Saturday 06 September 2025 10:20 AM IST

കൊച്ചി: രാജ്യത്ത് ജിഎസ്‌ടി ഇളവുകൾ പ്രഖ്യാപിച്ചതിനുപിന്നാലെ തങ്ങളുടെ ഉല്പങ്ങളുടെ വില കുറയ്ക്കുമെന്ന് പ്രമുഖ കമ്പനികൾ കേന്ദ്രസർക്കാരിനെ അറിയിച്ചതായി റിപ്പോർട്ട്. ജിഎസ്‌ടി നിരക്കുകൾ കുറച്ചെങ്കിലും ഇതിന്റെ പ്രയോജനം സാധാരണക്കാർക്ക് ലഭിക്കുമോ എന്ന കാര്യത്തിൽ സംശയമുണ്ടെന്ന ആശങ്ക കേരളത്തിലെ ധനകാര്യമന്ത്രി ഉൾപ്പെടെ പങ്കുവച്ചിരുന്നു. ആ ആശങ്കയാണ് ഇപ്പോൾ ഒഴിഞ്ഞിരിക്കുന്നത്.

ഹിന്ദുസ്ഥാൻ യൂണിലിവർ, ബ്രിട്ടാനിയ, അമുൽ, പാർലി പ്രൊഡക്ട്സ്, കോൾഗേറ്റ് പാമോലീവ്, എൽജി, സോണി തുട‌ങ്ങിയ പ്രമുഖ കമ്പനികളാണ് ജിഎസ്‌ടി നിരക്കുകൾ കുറഞ്ഞതിന്റെ ആശ്വാസം ജനങ്ങൾക്ക് കിട്ടുമെന്ന് കേന്ദ്രത്തിന് ഉറപ്പുനൽകിയിരിക്കുന്നത്. ഇതോടെ ടെലവിഷൻ, എസി എന്നിവയ്ക്ക് കാര്യമായി വിലകുറയുമെന്ന് വ്യക്തമായിരിക്കുകയാണ്. ഒരുലക്ഷം രൂപവരെയുള്ള ടിവികൾക്ക് പതിനായിരം രൂപവരെ വിലകുറയുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഈ ഉത്സവ സീസണിൽ തന്നെ വിലക്കുറവ് ഉണ്ടാകും.

കാറുകൾക്കാണ് കാര്യമായ തോതിൽ വിലകുറയുന്നത്. ഈ മാസം 24 മുതൽ തങ്ങളുടെ വാഹനങ്ങൾക്ക് വിലകുറയുമെന്ന് പ്രമുഖ കാർ നിർമ്മാതാക്കളായ ടാറ്റാഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്. ഓരോ മോഡൽ കാറുകൾക്ക് കുറയുന്ന വിലയും പുറത്തുവന്നിട്ടുണ്ട്. ഇതനുസരിച്ച് ടാറ്റാ ടിയാഗോയ്ക്ക് 75,000 രൂപവരെ കുറയും. ടാറ്റാ പഞ്ചിന് 85,000 രൂപവരെയാണ് കുറയുന്നത്. ആൾട്രോസിന്റെ വിലയിൽ ഒരുലക്ഷം രൂപയുടെവരെ കുറവുണ്ടാകുമെന്നാണ് റിപ്പോർട്ട്.

മാരുതിയുടെ വാഗൺ ആറിന് 90,000 രൂപവരെ കുറയുമ്പോൾ സ്വിഫ്ടിന് ഒരുലക്ഷം രൂപവരെയാണ് കുറവുണ്ടാകുന്നത്. ഓൾട്ടോയുടെ വിലയിൽ 35,000 രൂപ കുറയും. ഹുണ്ടായിയുടെ നിയോസിന് 51,000 രൂപവരെ കുറയും.

ഇപ്പോൾ പുറത്തുവന്നിരിക്കുന്ന വിലയിലെ കുറവുസംബന്ധിച്ച് കമ്പനികൾ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. അധികം വൈകാതെതന്നെ അതുണ്ടാകും എന്നാണ് അറിയുന്നത്.