കുന്നംകുളം കസ്റ്റഡി മർദ്ദനം; നാല് പൊലീസുകാരെ സസ്‌പെൻഡ് ചെയ്യാൻ ശുപാർശ, അച്ചടക്ക നടപടി പുനഃപരിശോധിക്കും

Saturday 06 September 2025 2:19 PM IST

തൃശൂർ: യൂത്ത് കോൺഗ്രസ് നേതാവ് കുന്നംകുളം പൊലീസ് സ്റ്റേഷനിൽ ക്രൂരമർദ്ദനത്തിനിരയായ സംഭവത്തിൽ നാല് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യാൻ ശുപാർശ. തൃശൂർ റേഞ്ച് ഡിഐജി ഉത്തരമേഖല ഐജിക്ക് നൽകിയ റിപ്പോർട്ടിലാണ് സസ്‌പെൻഷന് ശുപാർശ ചെയ്തിരിക്കുന്നത്. അച്ചടക്ക നടപടി പുനഃപരിശോധിക്കാനും നിർദേശിച്ചിട്ടുണ്ട്. ഡിഐജി ഹരിശങ്കറാണ് ഉത്തമേഖല ഐജിക്ക് റിപ്പോർട്ട് നൽകിയത്. എസ് ഐ നുഹ്മാൻ, സിപിഒമാരായ ശശീന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവരാണ് പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.

ആരോപണ വിധേയനായ മറ്റൊരു പൊലീസുകാരനായിരുന്ന ഷുഹൈർ തദ്ദേശവകുപ്പിലാണ് ജോലി ചെയ്യുന്നത്. അതിനാൽ വകുപ്പുതല നടപടിക്ക് സാദ്ധ്യമല്ല. നാല് പൊലീസുകാർക്കെതിരെ കോടതി ക്രിമിനൽ കേസെടുത്തിട്ടുണ്ടെന്നും അതിനാൽ സസ്‌പെൻഡ് ചെയ്യണമെന്ന് ഡിഐജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. പൊലീസുകാർക്കെതിരെ ഇന്ന് തന്നെ നടപടിയുണ്ടാകാനാണ് സാദ്ധ്യത. ഉത്തരവ് ഇന്ന് തന്നെ പുറത്തിറങ്ങിയേക്കും. അതേസമയം, സസ്‌പെൻഷനല്ല, ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെന്നാണ് മർദ്ദനത്തിനിരയായ വിഎസ് സുജിത്ത് ആവശ്യപ്പെടുന്നത്.

കൂടുതൽ നടപടിക്കായി പൊലീസ് കഴിഞ്ഞ ദിവസം നിയമോപദേശം തേടിയിരുന്നു. നടപടി സംബന്ധിച്ച് നിയമ തടസം വന്നതാണ് കാരണം. മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തായ സാഹചര്യത്തിൽ ‘കടുത്ത നടപടി’ വേണമെന്ന് ഡിഐജി ഹരി ശങ്കർ അടക്കമുള്ള ഉദ്യോഗസ്ഥർ നിലപാടെടുത്തിരുന്നു. എന്നാൽ കോടതിയിൽ കേസ് നിലനിൽക്കുന്ന സാഹചര്യത്തിൽ പൊലീസ് തുടർനടപടി എടുത്താൽ അത് തിരിച്ചടിക്കുമെന്ന് സംശയമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ ഉന്നത ഉദ്യോഗസ്ഥരുമായി ഇത് സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു.