'ഞാൻ ആയിരുന്നെങ്കിൽ ചെയ്യില്ല' മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ കഴിച്ച പ്രതിപക്ഷ നേതാവിനെ കുറ്റപ്പെടുത്തി കെ സുധാകരൻ
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ ആഞ്ഞടിച്ച് മുൻ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവിനെ പൊലീസ് കസ്റ്റഡിയിൽ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്ന ദിവസം മുഖ്യമന്ത്രി സംഘടിപ്പിച്ച ഓണസദ്യയിൽ പങ്കെടുത്തതിനാണ് വി.ഡി. സതീശനെ സുധാകരൻ പരസ്യമായി വിമർശിച്ച് രംഗത്തെത്തിയിരിക്കുന്നത് . താൻ ആയിരുന്നെങ്കിൽ അത് ചെയ്യില്ലായിരുന്നുവെന്ന് സുധാകരൻ വ്യക്തമാക്കി.
മറ്റ് നേതാക്കളുടെ കൂടെ സതീശൻ മുഖ്യമന്ത്രിയോടൊപ്പം അത്താഴം കഴിച്ചതിനായിരുന്നു സുധാകരന്റെ വിമർശനം. രാഷ്ട്രീയ നേതാക്കൾ, പ്രമുഖ വ്യക്തികൾ, മത-സാമുദായിക നേതാക്കൾ എന്നിവർക്കായി ബുധനാഴ്ച മുഖ്യമന്ത്രി സംഘടിപ്പിച്ച ഓണസദ്യയിലാണ് വി.ഡി. സതീശൻ പങ്കെടുത്തത്.
മുഖ്യമന്ത്രിയുടെ അടുത്തിരുന്ന് സതീശൻ ചിരിച്ച് സദ്യ കഴിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നതിനു പിന്നാലെ അന്നു തന്നെ കോൺഗ്രസ് നേതൃത്വത്തിൽ നിന്നും എതിർപ്പ് ഉയർന്നിരുന്നു. അന്നേ ദിവസം കെ സുധാകരൻ സുജിത്തിനെ വീഡിയോ കോളിൽ വിളിച്ച് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇങ്ങനെയായിരിക്കണം നേതാവ് എന്ന നിലയിൽ സുധാകരനെ പുകഴ്ത്തി സതീശനോട് എതിർപ്പ് പ്രകടിപ്പിച്ചു കൊണ്ട് ചില നേതാക്കൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കിട്ടിരുന്നു.
ഇതിനു പിന്നാലെയാണ് ഇപ്പോൾ പ്രതിപക്ഷ നേതാവിനെ പരസ്യമായി തള്ളിക്കൊണ്ട് സുധാകരൻ രംഗത്തെത്തിയിരിക്കുന്നു. എന്നാൽ ഓണ വിരുന്നിൽ പങ്കെടുക്കുന്നതിനിടെയാണ് മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതെന്നാണ് സതീശനെ അനുകൂലിക്കുന്നവരുടെ വാദം.
ക്രൂരതയിൽ ഉൾപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ പ്രതിപക്ഷനേതാവ് ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. സുജിത്തിന്റെ വീട്ടിലെത്തി ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം പൊലീസുകാരെ വീണ്ടും കാക്കി യൂണിഫോം ധരിക്കാൻ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഉദ്യോഗസ്ഥരെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിവാക്കിയില്ലെങ്കിൽ കേരളം ഇതുവരെ കാണാത്ത ഒരു സമരത്തിന് സാക്ഷ്യം വഹിക്കേണ്ടിവരുമെന്നും പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നൽകിയിരുന്നതായും അദ്ദേഹത്തെ അനുകൂലിക്കുന്നവർ ചൂണ്ടികാണിച്ചു.