കൃഷിയുടെ തലവര മാറ്റാൻ പുഷ്കരന്റെ 'തോട്ടനാൽ ജാതി'

Sunday 07 September 2025 12:57 AM IST

കൊച്ചി: അസാധാരണ വലിപ്പമുള്ള ജാതിക്കാ വിളയുന്നതും അത്യുത്പാദന, രോഗപ്രതിരോധ ശേഷിയുള്ളതുമായ ജാതി ഇനം വികസിപ്പിച്ച് തനി നാടൻ കർഷകൻ. അടിമാലി പതിനാലാം മൈൽ തോട്ടനാൽ പുത്തൻപുരയിൽ ടി.എം. പുഷ്കരന്റെ (53) ജാതിച്ചെടിക്ക് 'തോട്ടനാൽ ജാതി" എന്ന പേരിൽ കേന്ദ്ര സർക്കാരിന്റെ പ്ലാന്റ് വെറൈറ്റി രജിസ്ട്രേഷനും 2024 ഡിസംബർ 9ന് പേറ്റന്റും ലഭിച്ചു.

കുമിൾ, കീട ബാധകൾ തോട്ടനാൽ ജാതിയെ തൊട്ടുതീണ്ടില്ല. ഇല കൊഴിച്ചിൽ, കമ്പ് ഉണങ്ങൽ, കായ കൊഴിയൽ പ്രശ്നങ്ങളുമില്ല. രാസവളം, കീട, കുമിൾ നാശിനികൾ ആവശ്യമില്ലാത്തതിനാൽ ഈ ഇനത്തിലും ലാഭമുണ്ട്. ഹൈബ്രിഡ് ഇനത്തേക്കാൾ ഇരട്ടി​ വിളവാണ് സവിശേഷത.

വിത്തു മുളപ്പിച്ച് ബഡ്ഡ് ചെയ്ത് തൈകൾ വാണിജ്യാടിസ്ഥാനത്തിൽ ഉത്പാദിപ്പിക്കുന്നതി​ന് നഴ്സറി​ തുടങ്ങാനുള്ള തയ്യാറെടുപ്പുകൾ നടക്കുന്നുണ്ട്. മൂന്നു വർഷം പ്രായമുള്ള ജാതി​യി​ലാണ് ഒരു വർഷം വളർന്ന ചെടി​ ബഡ് ചെയ്യുക. ഇത് ഒരു വർഷം കൂടി​ വളർത്തി​യാണ് വി​ൽക്കുക. ഏഴാം വർഷം കായ്ച്ചു തുടങ്ങും. സാധാരണ ജാതിയിൽ പകുതി​യോളമേ എ ഗ്രേഡ് കായകൾ ലഭി​ക്കൂ. തോട്ടനാലി​ന് മുഴുവൻ വി​ളവും എ ഗ്രേഡാണ്.

കൂട്ടത്തി​ൽ വലിയ കായ വി​ളയുന്ന ജാതിമരത്തിൽ നി​ന്ന് ഏറ്റവും വലിയ കായ മുളപ്പിച്ച് വളർത്തിയെടുത്ത് ബഡ് ചെയ്ത് സൃഷ്ടി​ച്ചതാണ് പുതി​യ ഇനം. ഇതി​ന് പത്ത് വർഷത്തോളമെടുത്തു. ഇപ്പോൾ സ്വന്തം മൂന്നേക്കർ തോട്ടത്തി​ൽ എല്ലാം ഈ ഇനമാണ്. ഒരു മരത്തി​ൽ നി​ന്ന് വർഷം ശരാശരി​ 30,000 രൂപയാണ് വരുമാനമെന്ന് പുഷ്കരൻ പറഞ്ഞു.

ജാതിക്ക 15 ഗ്രാം, പത്രി 7 ഗ്രാം

വലിപ്പവും നല്ലനിറവും ദൃഢതയുമുള്ള തോട്ടനാൽ ജാതിപത്രി ഉണങ്ങിയത് ഒരെണ്ണത്തിന് 7 ഗ്രാമിന് മുകളിലും ജാതിക്കായ്‌ക്ക് 15 ഗ്രാമിന് മുകളിലുമാണ് തൂക്കം. സാധാരണ പത്രിക്ക് 3.5 ഗ്രാം വരെയാണ് തൂക്കം. വിടർന്ന് പൊട്ടിപ്പോകാത്തതും നല്ല നിറമുള്ളതുമാണ് തോട്ടനാൽ ജാതിപത്രി.

പത്താം ക്ലാസിൽ പഠിക്കുമ്പോൾ തുടങ്ങിയ കാർഷിക പരീക്ഷണങ്ങളാണ് വിജയത്തിലെത്തിയത്. കൃഷി വകുപ്പിൽ നിന്നോ സർക്കാർ സംവിധാനങ്ങളിൽ നിന്നോ പിന്തുണയും പ്രോത്സാഹനവും ലഭിച്ചിട്ടില്ല.

- പുഷ്കരൻ തോട്ടനാൽ