'അവർ പിന്നിൽ നിന്ന് കുത്തുന്നവർ,​ കൊഹ്‌ലിയും ധോണിയും യുവരാജ് സിംഗിനെ പേടിച്ചിരുന്നു'

Saturday 06 September 2025 3:47 PM IST

മുംബയ്: വിരാട് കൊഹ്‌ലിയും എംഎസ് ധോണിയും പിന്നിൽ നിന്ന് കുത്തുന്നവർ എന്ന് മുൻ ഇന്ത്യൻ താരവും ഓൾറൗണ്ടർ ഇതിഹാസമായ യുവരാജ് സിംഗിന്റെ പിതാവുമായ യോഗ്‌രാജ് സിംഗ്. യുവരാജിന്റെ കഴിവിൽ ഇരുവരും ഭയപ്പെട്ടിരുന്നുവെന്നും മകൻ അവരെ മറികടക്കുമോ എന്ന ആശങ്കയുണ്ടായിരുന്നുവെന്നും യോഗ്‌രാജ് പറയുന്നു. ഒരു സ്പോർട്സ് മാദ്ധ്യമത്തിനോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വേണ്ടി ഒട്ടേറെ സംഭാവനകൾ നൽകിയിട്ടും ധോണിയുടെ സ്വാധീനം യുവരാജിന്റെ കരിയർ വെട്ടിക്കുറച്ചുവെന്ന ദീർഘകാല പരാതിയാണ് യോഗ്‌രാജ് സിംഗിന്റെ പരാമർശങ്ങളിലൂടെ പ്രകടമാകുന്നത്. ധോണിയുടെ ക്യാപ്റ്റൻസിയിൽ 2007 ട്വന്റി 20 ലോകകപ്പിലും 2011ലെ ഏകദിന ലോകകപ്പിലും ഇന്ത്യയുടെ വിജയങ്ങളിൽ യുവരാജ്‌ സിംഗ് നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. എന്നാൽ ധോണിയും കൊഹ്‌ലിയും ഉൾപ്പെടെയുള്ള മറ്റ് സഹതാരങ്ങളുടെ അസൂയ മൂലം യുവരാജിനെ മനഃപൂർവ്വം മാറ്റിനിർത്തിയിരുന്നുവെന്നും യോഗ്‌രാജ് അവകാശപ്പെട്ടു.

'പണം, പ്രതാപം, വിജയം എന്നിവയ്ക്കിടയിൽ സൗഹൃദങ്ങൾക്ക് സ്ഥാനമില്ല. എന്നാൽ പിന്നിൽനിന്ന് കുത്തുന്നവർ എപ്പോഴും ഉണ്ടായിരുന്നു, നിങ്ങളെ താഴ്ത്തിക്കെട്ടാൻ ആഗ്രഹിക്കുന്ന ആളുകൾ എപ്പോഴും ഉണ്ടായിരുന്നു'. യോഗ്‌രാജ് പറഞ്ഞു. 'ഇന്ത്യൻ താരങ്ങൾക്ക് യുവരാജ് സിംഗിനെ പേടിയായിരുന്നു. കാരണം യുവരാജ് കാരണം തങ്ങളുടെ സ്ഥാനം നഷ്ടമാകുമോയെന്ന ആശങ്കയായിരുന്നു അവർക്ക്. ദൈവം സഹായിച്ച് യുവരാജ് സിംഗ് വലിയൊരു താരമായി മാറി'. യോഗ്‍രാജ് സിംഗ് വ്യക്തമാക്കി.