'ശബരിമലയെ വിവാദഭൂമിയാക്കരുത്, ഭക്തർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കണം';അയ്യപ്പസംഗമത്തെ പിന്തുണച്ച് വെളളാപ്പളളി

Saturday 06 September 2025 5:42 PM IST

ആലപ്പുഴ: ആഗോള അയ്യപ്പ സംഗമത്തിലേക്ക് എസ്എൻഡിപി ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശനെ ക്ഷണിച്ച് ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്ത്. ശബരിമലയെ വിവാദഭൂമിയാക്കരുതെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഭക്തർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എസ്എൻഡിപിക്ക് അയ്യപ്പ സംഗമത്തിൽ വ്യക്തമായ നിലപാടുണ്ട്. സം​ഗമം പ്രായശ്ചിത്തമായി കാണുന്നവർക്ക് അങ്ങനെ കാണാമെന്നും വെളളാപ്പളളി നടേശൻ വ്യക്തമാക്കി.

'ശബരിമലയ്ക്ക് ലോക പ്രശസ്തി ലഭിക്കും. വലിയ വരുമാന സാദ്ധ്യതയാണിത്. സംഗമം പ്രായശ്ചിത്തമായി കാണുന്നവർക്ക് അങ്ങനെ കാണാം. വിവാദ വിഷയങ്ങൾ മാറ്റിവയ്ക്കണം. എസ്എൻഡിപിക്ക് ഇക്കാര്യത്തിൽ വ്യക്തമായ നിലപാടാണുള്ളത്. സംഗമത്തിന് തിരഞ്ഞെടുപ്പുമായി ബന്ധമില്ല. കക്ഷിരാഷ്ട്രീയം പറഞ്ഞും പിണറായിയെ കുറ്റപ്പെടുത്തിയും സമയം കളയരുത്'- അദ്ദേഹം പറഞ്ഞു.

ഈ മാസം 20നാണ് സര്‍ക്കാര്‍ നടത്തുന്ന ആഗോള അയ്യപ്പ സംഗമം പമ്പാ തീരത്ത് നടക്കുന്നത്. വിവിധ കോണുകളിൽ നിന്നും വിമർശനമുയരുന്ന സാഹചര്യത്തിലും ആഗോള അയ്യപ്പ സംഗമത്തിന്റെ നടത്തിപ്പുമായി സർക്കാരും ദേവസ്വം ബോർഡും മുന്നോട്ട് പോകുകയാണ്. എൻഎസ്എസ്, എസ്എൻഡിപി പ്രതിനിധികളെ ദേവസ്വം ബോർഡ് നേരിട്ട് ക്ഷണിച്ചുകൊണ്ടാണ് സർക്കാരിന്റെ നീക്കം.