'കസ്റ്റഡി മർദ്ദനത്തിന് മറുപടി പറയേണ്ട ബാദ്ധ്യത മുഖ്യമന്ത്രിക്ക്, കുറ്റക്കാരെ സർവീസിൽ നിന്ന് പിരിച്ചുവിടണം'; രമേശ് ചെന്നിത്തല

Saturday 06 September 2025 6:06 PM IST

തൃശ്ശൂർ: കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് സുജിത്തിനെ അതിക്രൂരമായി പൊലീസ് കസ്റ്റഡിയിൽ മർദ്ദിച്ചതിന് മറുപടി പറയേണ്ട ബാദ്ധ്യത മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. പൊലീസിന്റെ ക്രൂര മർദ്ദനത്തിന് ഇരയായ സുജിത്തിന്റെ വീട് സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'മുഖ്യമന്ത്രിയുടെ മൗനം നാട്ടിൽ ഇതുപോലുള്ള ആക്രമണങ്ങൾ ഉണ്ടാകുന്നതിന് പ്രേരണയുണ്ടാക്കും. പൊലീസ് സ്റ്റേഷനുകൾ കോൺസെൻട്രേഷൻ ക്യാമ്പുകൾ അല്ല. ഈ വകുപ്പ് ഭരിച്ച ഒരാളാണ് താൻ. അന്ന് പൊതുജനങ്ങളെ മർദ്ദിക്കാൻ പാടില്ല എന്ന ശക്തമായ നിർദ്ദേശം സ്റ്റേഷനുകൾക്ക് നൽകിയിരുന്നു. ഇന്ന് ഇത്തരം നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടോ എന്ന് അന്വേഷിക്കാൻ പോലും ആരും ഇല്ലാത്ത അവസ്ഥയാണ്. പൊലീസ് വകുപ്പ് നാഥനില്ല കളരിയായിരിക്കുന്നു.- അദ്ദേഹം പറഞ്ഞു.

പിണറായിയുടെ പൊലീസ് നയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ് സുജിത്ത്. പിണറായി സർക്കാരിന്റെ പൊലീസ് നയത്തിന്റെ ഭാഗമാണിത്. നാല് പൊലീസുകാരെയും സസ്പെൻഡ് ചെയ്താൽ മാത്രം പോര. സർവ്വീസിൽ നിന്നും പുറത്താക്കുകയാണ് വേണ്ടത്. കസ്റ്റഡി മർദ്ദനത്തിൽ പ്രതിപ്പട്ടികയിലുള്ള നാല് പൊലീസ് ഉദ്യോഗസ്ഥരെയും പിരിച്ചു വിടണം. എല്ലാ പൊലീസുകാരും ഇത്തരക്കാരാണെന്ന് ഞാൻ പറയുന്നില്ല. പക്ഷേ ഇത്തരക്കാരെ ഒരു കാരണവശാലും വച്ചു പൊറുപ്പിക്കരുത്. അദ്ദേഹം കൂട്ടിച്ചേർത്തു.

പൊലീസ് സ്റ്റേഷനുകളിൽ സിസിടിവി ക്യാമറ വെക്കുന്ന കേസിൽ സുപ്രീംകോടതി കക്ഷിചേരാൻ സുജിത്തിന് പാർട്ടിയുടെ എല്ലാ സഹായവും ഉണ്ടാകുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഉച്ചയ്ക്ക് മൂന്ന് മണിയോടെ സുജിത്തിന്റെ വീട്ടിലെത്തിയ അദ്ദേഹം സുജിത്തിന്റെ മാതാപിതാക്കളോടും സുജിത്തിനോടും ഒപ്പം ഏതാണ്ട് അരമണിക്കൂറോളം ചെലവഴിച്ചു. ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്, കോൺഗ്രസ് നേതാക്കളായ അനിൽ അക്കര, ജോസ് വള്ളൂർ, എ പ്രസാദ്, ജോസഫ് ചാലിശ്ശേരി തുടങ്ങിയവരും രമേശ് ചെന്നിത്തലയ്ക്ക് ഒപ്പം ഉണ്ടായിരുന്നു.