കുന്നംകുളം കസ്റ്റഡി മര്‍ദ്ദനത്തില്‍ നടപടി; നാല് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

Saturday 06 September 2025 6:48 PM IST

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവിനെ കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ മര്‍ദ്ദിച്ച സംഭവത്തില്‍ നടപടി. നാല് പൊലീസുകാരെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്യാന്‍ നേരത്തെ തൃശൂര്‍ റേഞ്ച് ഡിഐജി ശുപാര്‍ശ ചെയ്തിരുന്നു. പ്രതികള്‍ക്കെതിരെ വകുപ്പുതല നടപടികള്‍ തുടരാമെന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് നിയമോപദേശം ലഭിച്ചിരുന്നു.

എസ് ഐ നുഹ്‌മാന്‍, സിപിഒമാരായ ശശീന്ദ്രന്‍, സന്ദീപ്, സജീവന്‍ എന്നിവരാണ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ആരോപണ വിധേയനായ മറ്റൊരു പൊലീസുകാരനായിരുന്ന ഷുഹൈര്‍ തദ്ദേശവകുപ്പിലാണ് ജോലി ചെയ്യുന്നത്. അതിനാല്‍ വകുപ്പുതല നടപടിക്ക് സാദ്ധ്യമല്ല. നാല് പൊലീസുകാര്‍ക്കെതിരെ കോടതി ക്രിമിനല്‍ കേസെടുത്തിരുന്നു.

2023 ഏപ്രില്‍ അഞ്ചിന് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ നിയമപോരാട്ടത്തിലൂടെ പുറത്തുവന്നതോടെയാണ് സത്യാവസ്ഥ മനസിലായത്. വഴിയരികില്‍ നിന്ന് സുഹൃത്തുക്കളെ ഭീഷണിപ്പെടുത്തിയ പൊലീസിനോട് സുജിത്ത് വിവരം അന്വേഷിച്ചിരുന്നു. ഇത് ഇഷ്ടപ്പെടാതെ വന്ന എസ്ഐ നുഹ്‌മാന്‍ സുജിത്തിനെ സ്?റ്റേഷനിലെത്തിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. നുഹ്‌മാനെ കൂടാതെ സിപിഒമാരായ ശശീന്ദ്രന്‍, സന്ദീപ്, സജീവന്‍ എന്നിവരും സുജിത്തിനെ അതിക്രൂരമായി മര്‍ദ്ദിച്ചിരുന്നു.