'കേള്‍പ്പിക്കുന്നത് മോഹന്‍ലാലിന്റേയും സുരേഷ് ഗോപിയുടേയും ശബ്ദം, നീ ഒന്ന് കണ്ണു തുറക്കാന്‍ ഇനിയും കാത്തിരിക്കാന്‍ വയ്യെടാ'

Saturday 06 September 2025 7:07 PM IST

ഹൃദയാഘാതത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ കഴിയുന്ന രാജേഷ് കേശവിനെപ്പറ്റി വൈകാരികമായ കുറിപ്പ് പങ്കുവെച്ച് സുഹൃത്തും ചലച്ചിത്ര പ്രര്‍ത്തകനുമായ പ്രതാപ് ജയലക്ഷ്മി. നടനും അവതാരകനുമായ രാജേഷിന്റെ പൂര്‍ണ്ണ ആരോഗ്യത്തോടെയുള്ള മടങ്ങി വരവ് ആഗ്രഹിക്കുന്നതാണ് കുറിപ്പിന്റെ ഉള്ളടക്കം. ഐസിയുവില്‍ കഴിയുന്ന രാജേഷിനായി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് രണ്ടാഴ്ച കഴിഞ്ഞെന്നും ഇനി വയ്യെന്നും വേഗം പഴയ അവസ്ഥയിലേക്ക് മടങ്ങി വരണമെന്നും കുറിപ്പില്‍ പറയുന്നു. അബോധാവസ്ഥയില്‍ കഴിയുന്ന രാജേഷിനെ ഉണര്‍ത്തുന്നതിനായി ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മോഹന്‍ലാലിന്റെയും സുരേഷ് ഗോപിയുടെയും ഉള്‍പ്പടെ ശബ്ദങ്ങള്‍ കേള്‍പ്പിക്കുന്നുണ്ടെന്നും കുറിപ്പില്‍ പറയുന്നു.

പ്രതാപ് ജയലക്ഷ്മി പങ്കുവച്ച കുറിപ്പ്: ഞങ്ങള്‍ രാജേഷിനെ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് രണ്ടാഴ്ച്ച. ഇതിനിടയില്‍ ഈ ഐസിയുവിനു മുന്നില്‍ പ്രിയപ്പെട്ടവരെ കാത്തിരുന്ന ഒരുപാടു പേര്‍ രോഗമുക്തരായി സമാധാന മുഖത്തോടെ നടന്നകന്നു. എന്നിട്ടും നമ്മുടെ ചങ്ങാതി ഇപ്പോഴും ആ കൊടും തണുപ്പില്‍ കണ്ണടച്ച് കിടക്കുകയാണ്.

ഡോക്ടര്‍ പറഞ്ഞതനുസരിച്ച് അവന് പ്രിയപ്പെട്ട ശബ്ദങ്ങള്‍ ഒക്കെ സാദാ കേള്‍പ്പിക്കുന്നുണ്ട്. രാജേഷിനെ ഉണര്‍ത്താന്‍ ശബ്ദ സന്ദേശം അയച്ചവരില്‍ അവന് പ്രിയപ്പെട്ട ലാലേട്ടനും, സുരേഷേട്ടനും, എസ്‌കെഎന്നും, സുരാജുമുണ്ട്. ഇനിയും പലരും അയക്കാമെന്നു പറഞ്ഞിട്ടുണ്ട്. ഐസിയുവിലെ കാരുണ്യം നിറഞ്ഞ സിസ്റ്റര്‍മാര്‍ സമയം കിട്ടുമ്പോഴൊക്കെ രാജേഷ് ആങ്കര്‍ ചെയ്ത പരിപാടികളും പാട്ടുകളുമൊക്കെ കേള്‍പ്പിക്കുന്നുണ്ട്.

ലോകത്തിന്റെ പല ഭാഗത്തു നിന്നും ഒരുപാടു പേര്‍ സുഖവിവരം അന്വേഷിച്ചു വിളിക്കുന്നു, മെസ്സേജ് അയക്കുന്നു, എല്ലാവര്‍ക്കും സമയത്തിന് മറുപടി നല്‍കാന്‍ കഴിയാത്തത്തില്‍ ക്ഷമിക്കണം. നിങ്ങളുടെ പ്രാര്‍ഥനയും സ്‌നേഹവുമെല്ലാം അവനെ ഇത്രയും സഹായിച്ചു. അത് തുടരുക. അവന്റെ ഉപബോധ മനസ്സ് എല്ലാം കാണുന്നുണ്ടാവും... കേള്‍ക്കുന്നുണ്ടാവും... എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് അവന്‍ വരും... പ്രിയ രാജേഷ്.. നീ ഒന്ന് കണ്ണു തുറക്കാന്‍.. ഇനിയും കാത്തിരിക്കാന്‍ വയ്യെടാ... ഒന്ന് പെട്ടന്ന് വാ മച്ചാ

കഴിഞ്ഞ ആഴ്ച കൊച്ചിയിലെ ഹോട്ടലില്‍ നടന്ന പരിപാടിക്കിടെ 47കാരനായ രാജേഷ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. മലയാളികള്‍ക്ക് ഏറെ പരിചിതനായ അവതാരകനാണ് രാജേഷ് കേശവ്. നിരവധി ജനപ്രിയ റിയാലിറ്റി ഷോകളിലും ഗേയിം ഷോകളിലും അവതാരകനായിട്ടുണ്ട്. 'ബ്യൂട്ടിഫുള്‍' 'ട്രിവാന്‍ഡ്രം ലോഡ്ജ്', 'ഹോട്ടല്‍ കാലിഫോര്‍ണിയ' 'നീന', 'തട്ടുംപുറത്ത് അച്യുതന്‍' എന്നിവയുള്‍പ്പെടെ നിരവധി ചിത്രങ്ങളിലും രാജേഷ് അഭിനയിച്ചിട്ടുണ്ട്.