തൃത്താല നിളാതടത്തിൽ വിരുന്നെത്തി കായലാറ്റ

Sunday 07 September 2025 1:54 AM IST

പട്ടാമ്പി: കേരളത്തിൽ അപൂർവമായി മാത്രം കാണപ്പെടുന്ന കായലാറ്റ പക്ഷി തൃത്താല നിളാതടത്തിലെ നെൽവയലോരത്ത് വിരുന്നെത്തി. തൂക്കണാം കുരുവി അല്ലെങ്കിൽ കൂരിയാറ്റ എന്നറിയപ്പെടുന്ന ആറ്റക്കുരുവി, ആറ്റചെമ്പൻ, ആറ്റകറുപ്പൻ, ആറ്റചുവപ്പൻ, ചുട്ടിയാറ്റ തുടങ്ങി വിവിധയിനം ആറ്റവർഗങ്ങൾ തൃത്താല മേഖലയിൽ കാണപ്പെടാറുണ്ട്. ഇതിൽ ഏറ്റവും അപൂർവമായ ഇനമാണ് കായലാറ്റ. തൃത്താല മേഖലയിൽ സർവസാധാരണമായി കാണപ്പെടുന്ന ആറ്റക്കുരുവിയോട് വളരെയധികം രൂപസാദൃശ്യമുള്ള ഇനമാണ് കായലാറ്റ. ഇവ തെക്കൻ ഏഷ്യൻ രാജ്യങ്ങളിലും തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലുമാണ് കാണപ്പെടുന്നത്. വലിയ തെങ്ങുകളുടെയും കരിമ്പനകളുടെയും ഓലയുടെ തുഞ്ചത്ത് മകുടിയുടെ ആകൃതിയിൽ നാരുകൊണ്ട് നെയ്‌തെടുക്കുന്ന മനോഹരമായ കൂടുകൾ നിർമ്മിക്കുന്ന പക്ഷിയാണ് തൃത്താല മേഖലയിൽ പൊതുവായി കാണപ്പെടുന്ന ആറ്റക്കുരുവി. അതേസമയം, കായലാറ്റകൾ പൊതുവേ കൂടൊരുക്കുന്നത് ജലാശയങ്ങൾക്ക് സമീപമുള്ള ഉയരമുള്ള പുൽച്ചെടികളിലാണ്. തൃത്താലയിൽ കണ്ടെത്തിയതും ഇത്തരം പുൽച്ചെടിയിലെ പക്ഷിക്കോളനിയാണ്. ഏകദേശം ഇരുപതോളം കൂടുകളാണ് ഇവിടെ ഉണ്ടായിരുന്നത്.

ഇംഗ്ലീഷിൽ ഈ പക്ഷിയുടെ പേര് സ്ട്രീക്ക്‌ഡ് വീവർ എന്നാണ്. നെഞ്ച് ഭാഗത്ത് കാണപ്പെടുന്ന വരകളാണ് ഇവയെ സാധാരണ ആറ്റക്കുരുവിയിൽനിന്ന് വേർതിരിച്ചറിയാനുള്ള പ്രധാന ലക്ഷണം. ഇവയ്ക്ക് 15 സെന്റീമീറ്റർ നീളവും 16 മുതൽ 22 ഗ്രാം ഭാരവും ഉണ്ടാവും. പ്രജനനകാലത്ത് ആൺപക്ഷിയുടെ തലയും നെറ്റിയും കടുത്ത മഞ്ഞനിറം ആയിരിക്കും. വിത്തുകളും പ്രാണികൾ ഉൾപ്പെടെയുള്ള ചെറിയ ജീവികളെയും ആണ് ഇവ ഭക്ഷണമാക്കുക. പ്രജനനത്തിനുശേഷം ഇവ പ്രദേശംവിട്ട് പോകും. മഴയുടെയും കൂട് നിർമിക്കാൻ അനുയോജ്യമായ സസ്യങ്ങളുടെയും ലഭ്യതക്കനുസരിച്ച് വിവിധ രാജ്യങ്ങളിൽ ഇവയുടെ പ്രജനനകാലം വ്യത്യാസപ്പെട്ടിരിക്കുന്നു. തൃത്താലയിൽ ഇവയുടെ പ്രജനനം കണ്ടെത്തിയത് പക്ഷി നിരീക്ഷകനായ ഷിനോജേക്കബ് കൂറ്റനാട് ആണ്.