അദ്ധ്യാപക ദിനത്തിൽ ഗുരുനാഥന് ആദരവ് സമർപ്പിച്ച് സിനിമാതാരമായ ശിഷ്യയുടെ ഗുരുവന്ദനം 

Sunday 07 September 2025 12:25 AM IST
അദ്ധ്യാപക, ഓണം ദിനത്തിൽ ഗുരുനാഥൻ രമേശൻ പുന്നത്തിരിയനെ ആദരിച്ചു ഗുരുവന്ദനം സമർപ്പിക്കാൻ ശിഷ്യയായ സിനിമാതാരം ധനലക്ഷ്മി വീട്ടിൽ എത്തിയപ്പോൾ

ചെറുവത്തൂർ: തിരുവോണവും നബിദിനവും അദ്ധ്യാപക ദിനവും ഒത്തുവന്ന സുദിനത്തിൽ പ്രശസ്ത മലയാളം അദ്ധ്യാപകനും ചെറുവത്തൂർ അസിസ്റ്റന്റ് എഡ്യൂക്കേഷൻ ഓഫീസറുമായ രമേശൻ പുന്നത്തിരിയന് ശിഷ്യയുടെ ആദരം. ചെറുതാഴം പുത്തൂർ അമ്പലം റോഡരികിലുള്ള ഗുരുവിന്റെ വീട്ടിലെത്തിയാണ് സിനിമ, സീരിയൽ താരമായ ശിഷ്യ ചെറുവത്തൂർ വലിയപൊയിലിലെ ധനലക്ഷ്മിയാണ്, വിദ്യാലയത്തിൽ അക്ഷരം പകർന്നു നൽകി ഉയരങ്ങളിൽ എത്താൻ കൈത്താങ്ങായ ഗുരുനാഥന് മുന്നിൽ ആദരം അർപ്പിച്ചത്.

അമ്മ സജ്‌നയോടൊപ്പമാണ് ധനലക്ഷ്മി ഗുരുനാഥന്റെ വീട്ടിൽ എത്തിയത്. എ.ഇ.ഒ രമേശൻ പുന്നത്തിരിയനോടൊപ്പം ഭാര്യ കടന്നപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപിക സിൽജയും ഇവരെ സ്വീകരിച്ചു. സ്നേഹ സമ്മാനമായി ഗുരുനാഥന് ഓണക്കോടി കൈമാറിയ ശിഷ്യ അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിച്ച ശേഷം ഗുരുവന്ദനം നടത്തിയാണ് പ്ലസ് വൺ സയൻസ് വിദ്യാർത്ഥിനിയായ ധനലക്ഷ്മി മടങ്ങിയത്.

കുട്ടമത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എട്ടാം ക്‌ളാസിൽ പഠിക്കുമ്പോൾ മലയാളം അദ്ധ്യാപകനും ധനലക്ഷ്മിയുടെ ക്‌ളാസ് ടീച്ചറുമായിരുന്നു രമേശൻ പുന്നത്തിരിയൻ. പിന്നീട് പ്രധാനാദ്ധ്യാപകനായി ജോലി ചെയ്ത ശേഷമാണ് ചെറുവത്തൂർ എ.ഇ.ഒ. തസ്തികയിലേക്ക് മാറിയത്. ഇതിനകം നിരവധി പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയ ധനലക്ഷ്മിക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാനുള്ള മനോധൈര്യവും ആത്മവിശ്വാസവും പകർന്ന് കലാകാരിയായി രൂപപ്പെടുത്തുന്നതിൽ ഇദ്ദേഹം നിർണ്ണായക പങ്കുവഹിച്ചിരുന്നു. വീട്ടുകാരും അദ്ധ്യാപകരുമാണ് തന്റെ വിജയത്തിന് പിന്നിലെന്ന് ഉറച്ചു വിശ്വസിക്കുകയാണ് ഉജ്ജ്വല ബാല്യം പുരസ്‌കാര ജേതാവ് കൂടിയായ ധനലക്ഷ്മി.

ചിത്രരചന, ക്ലെ വർക്സ്, വേസ്റ്റ് മെറ്റീരിയൽ ക്രാഫ്റ്റ്, ആഭരണ നിർമ്മാണം, സിനിമ അഭിനയം, മാജിക്, മെന്റലിസം എന്നിങ്ങനെ നിരവധി കഴിവുകളിൽ കൈയൊപ്പ് ചാർത്തിയ ധനലക്ഷ്മി നാല് സിനിമകളിൽ ഇതിനകം നല്ല വേഷം ചെയ്തു. ഒടുവിൽ നായിക വേഷം ചെയ്ത രണ്ട് സിനിമകൾ റിലീസ് കാത്തിരിക്കുകയാണ്.

ബാലതാരമായി സിനിമയിലെത്തി തിളങ്ങവെ, തനിക്ക് കിട്ടുന്ന വരുമാനം നല്ല പ്രവൃത്തികൾക്ക് വിനിയോഗിക്കാനാണ് താരത്തിന്റെ തീരുമാനം. തനിക്ക് അക്ഷരം പകർന്ന് നൽകി, എല്ലാ മേഖലയിലും പിന്തുണച്ച് കൂടെ നിൽക്കുന്ന അദ്ധ്യാപകരെ എല്ലാ അദ്ധ്യാപക ദിനത്തിലും ആദരിക്കുന്നതിനായി വരുമാനത്തിൽ നിന്ന് ഒരു വിഹിതം മാറ്റിവയ്ക്കുകയാണ് ഈ മിടുക്കി. അതിന്റെ തുടക്കമെന്നോണമാണ് ധനലക്ഷ്മി, ഹൈസ്കൂൾ ജീവിതത്തിലെ തന്റെ ആദ്യത്തെ ക്ലാസ് അദ്ധ്യാപകനായ രമേശൻ മാഷിനെ ആദരിക്കാൻ എത്തിയത്. ഉച്ചയ്ക്ക് കുടുംബത്തോടൊപ്പം തിരുവോണ സദ്യ കഴിച്ചാണ് മടങ്ങിയത്.

അദ്ധ്യാപക ദിനത്തിൽ ഗുരുനാഥൻ രമേശൻ പുന്നത്തിരിയനെ ആദരിക്കാൻ ശിഷ്യയായ സിനിമാതാരം ധനലക്ഷ്മി വീട്ടിൽ എത്തിയപ്പോൾ