വാഴപ്പഴത്തിൽ നിന്ന് വിനാഗിരിയും ഐസ്ക്രീമുമായി കുടുംബശ്രീ
തിരുവനന്തപുരം: വാഴപ്പഴത്തിൽ നിന്ന് നിർമ്മിക്കുന്ന വിനാഗിരി, നൂഡിൽസ്, സോസ്, ചട്‌നി, വൈൻ, കൊഴുപ്പ് കുറഞ്ഞ ചിപ്‌സ് തുടങ്ങിയ ഉത്പന്നങ്ങൾ കുടുംബശ്രീ വിപണിയിലെത്തിക്കുന്നു. ട്രിച്ചിയിലെ നാഷണൽ റിസർച്ച് സെന്റർ ഫോർ ബനാനയുടെ(എൻ.ആർ.സി.ബി) സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയാണ് ഉത്പന്നങ്ങൾ നിർമ്മിക്കുന്നത്. വിളവെടുപ്പ്, പാകപ്പെടുത്തൽ, പായ്ക്കിംഗ്, സ്റ്റോറേജ് തുടങ്ങിയ ഘട്ടങ്ങളിൽ എൻ.ആർ.സി.ബിയുടെ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാൽ കയറ്റുമതി എളുപ്പമാകും. ആഭ്യന്തര, വിദേശ വിപണികളിൽ വാഴയില ലഭ്യമാക്കാനും പദ്ധതിയുണ്ട്.
ഓരോ ജില്ലയിലെയും പ്രോജക്ട് മാനേജർമാർക്കും ബ്ളോക് കോ- ഓഡിനേറ്റർമാർക്കും കുടുംബശ്രീ സംരംഭകർക്കും ഇതിനായുള്ള പരിശീലനം എൻ.ആർ.സി.ബിയിൽ ആരംഭിച്ചു. അടുത്ത ഘട്ടത്തിൽ കുടുംബശ്രീ അംഗങ്ങൾക്ക് ഇവർ പരിശീലനം നൽകും. വാഴപ്പഴ ഉത്പന്നങ്ങളുടെ സംരംഭങ്ങൾ തുടങ്ങാൻ അംഗങ്ങൾക്ക് കുടുംബശ്രീ സാമ്പത്തിക സഹായവും നൽകും.
വൈവിദ്ധ്യമാർന്ന ഉത്പന്നങ്ങൾ
ബനാന ജ്യൂസ്, സിപ് അപ്, സിറപ്പ്, ഡെസേർട്ട്, ഗ്ളൈസെമിക് ഇൻഡെക്സ് കുറഞ്ഞ പാസ്‌ത, ഏത്തയ്ക്ക തൊലി അച്ചാർ, വാഴപ്പിണ്ടി അച്ചാർ, വാഴപ്പിണ്ടി സൂപ്പ് മിക്സ്, ബേബി ഫുഡ്, ഫ്രൂട്ട് ബാർ, ബനാന കുറുക്ക്, ന്യൂട്രി ബാർ, ബ്രഡ്, പിസ, കുക്കീസ്, കൊഴുപ്പ് കുറഞ്ഞ യോഗർട്ട്, വാഴപ്പൂവിൽ നിന്ന് ഹെൽത്ത് മിക്സ് തുടങ്ങിയ നിരവധി ഉത്പന്നങ്ങളാണ് കുടുംബശ്രീ വിപണിയിലെത്തിക്കുന്നത്.
വാഴകൃഷിയിലൂടെയും മൂല്യവർദ്ധിത ഉത്പന്നങ്ങളിലൂടെയും ആഗോള വിപണിയിൽ സാന്നിദ്ധ്യമുറപ്പിക്കാനാണ് കുടുംബശ്രീയുടെ ശ്രമം
ഡോ. എസ്. ഷാനവാസ്
സംസ്ഥാന പ്രോഗ്രാം ഓഫീസർ
കുടുംബശ്രീ