ഛരൺജോത് സിംഗ് നന്ദയ്ക്ക് ലീഡർഷിപ്പ് പുരസ്‌കാരം

Sunday 07 September 2025 2:09 AM IST

കൊച്ചി: ചാട്ടേർഡ് അക്കൗണ്ടന്റുകളുടെ ദേശീയ സംഘടനയായ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാട്ടേർഡ് അക്കൗണ്ടന്റ്‌സ് ഒഫ് ഇന്ത്യ (ഐ.സി.എ.ഐ) പ്രസിഡന്റ് ഛരൺജോത് സിംഗ് നന്ദയ്ക്ക് ഇക്കണോമിക് ടൈംസ് ലീഡർഷിപ്പ് എക്‌സലൻസ് അവാർഡ് ലഭിച്ചു. സംഘടനയെ ആഗോളതലത്തിൽ മുൻനിരയിൽ എത്തിക്കുന്നതിൽ ഛരൺജോത് സിംഗ് വഹിച്ച നേതൃത്വ മികവ് പരിഗണിച്ചാണ് പുരസ്‌കാരം നൽകിയത്. ഡൽഹിയിൽ നടന്ന ചടങ്ങിൽ സിനിമ താരം അനുപം ഖേർ പുരസ്‌കാരം നൽകി. വൻകിട കോർപറേറ്റ് സ്ഥാപനങ്ങളിൽ ഉൾപ്പടെ അക്കൗണ്ടിംഗ് സുതാര്യമാക്കാൻ അവതരിപ്പിച്ച ഫോറൻസിക് അക്കൗണ്ടിംഗ് ആൻഡ് ഇൻവസ്റ്റിഗേഷൻ സ്റ്റാൻഡേർഡ്‌സ് (എഫ്.എ.ഐ.എസ്) നടപടിക്രമങ്ങൾ, ഐ.സി.എ.ഐ സംഘടനയെ ആഗോളതലത്തിൽ മുൻനിരയിലെത്തിച്ചു. ഡിജിറ്റൽ അക്കൗണ്ടിംഗ് ആൻഡ് അഷ്വറൻസ് ബോർഡ് മേധാവിയെന്ന നിലയിൽ എഫ്.എ.ഐ.എസ് നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകിയത് ഛരൺജോത് സിംഗാണ്. പ്രൊഫഷണൽ അക്കൗണ്ടിംഗ് മേഖലയിൽ ലോകോത്തര നിലവാരമുള്ള മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കുന്ന ഐ.സി.എ.ഐ സംഘടനയുടെ കൂട്ടായ പരിശ്രമങ്ങൾക്ക് ലഭിച്ച അംഗീകാരമാണ് പുരസ്‌കാരമെന്ന് ഛരൺജോത് സിംഗ് പറഞ്ഞു.