റെക്കാഡുകൾ ഭേദിച്ച് സ്വർണവില
കൊച്ചി: സർവ്വകാല റെക്കാഡുകളിൽ അനുദിനം മാറ്റം വരുത്തി കുതിപ്പുതുടർന്ന് സ്വർണവില. 80,000 രൂപയെന്ന പുതിയ റെക്കാഡ് തൊടാൻ ഇനി അധികം കാത്തിരിക്കേണ്ടി വരില്ല. ഇന്നലെ പവന് 640 രൂപ കൂടി 79, 560 രൂപയായി. ഗ്രാമിന് 80 രൂപ കൂടി 9,945 രൂപയായി. സെപ്തംബർ തുടങ്ങി ആറുദിവസം കൊണ്ട് 2000 രൂപയാണ് കൂടിയത്. പണിക്കൂലിയും നികുതിയും ചേർത്ത് 85,000 രൂപ നൽകിയാലേ ഒരു പവൻ ആഭരണം വാങ്ങാനാകൂ. ജനുവരി 22നാണ് പവന് ആദ്യമായി 60,000 രൂപയായത്. 24 കാരറ്റിന് പവന് 86,792 രൂപയും ഗ്രാമിന് 10,849 രൂപയുമാണ് വില.
ചിങ്ങമാസം മലയാളികൾക്ക് വിവാഹസീസൺ കൂടിയായതിനാൽ വില അനുദിനം കൂടുന്നത് സാധാരണക്കാരെ വലയ്ക്കുന്നുണ്ട്. കരുതലോടെ സ്വർണനിക്ഷേപം നടത്താനുള്ള പ്ലാനുകളും മറ്രും ജൂവല്ലറികൾ കൊണ്ടുവരുന്നുണ്ട്. കൂടാതെ, 22 കാരറ്റ് സ്വർണ്ണാഭരണങ്ങളിൽ നിന്ന് 18 കാരറ്റിലേക്കും മലയാളി ചുവടുമാറ്റം നടത്തുന്നുണ്ട്.
ആറുവർഷം, 200ശതമാനം വർദ്ധന
കഴിഞ്ഞ ആറുവർഷം കൊണ്ട് സ്വർണത്തിന് 200ശതമാനമാണ് വില വർദ്ധിച്ചത്. റഷ്യ-യുക്രൈയിൻ യുദ്ധം ആരംഭിച്ചതിന് ശേഷം കേന്ദ്രബാങ്കുകൾക്കിടയിൽ തന്ത്രപരമായ ആസ്തി എന്ന നിലയിൽ സ്വർണത്തിന് സ്വീകാര്യത ഏറിയതാണ് സമീപകാലത്ത് ആഗോളതലത്തിൽ സ്വർണവില കൂടാനുള്ള പ്രധാന കാരണം. സ്വർണത്തോടുള്ള വൈകാരികമായ അടുപ്പം ഇന്ത്യയിൽ സാധാരണക്കാർക്കിടയിലും ഡിമാൻഡ് വർദ്ധിപ്പിക്കുന്നു.
ഭൗമ രാഷ്ട്രീയ സംഘർങ്ങൾ വർദ്ധിച്ചത്: വിവിധ രാഷ്ട്രങ്ങൾക്കിടയിലെ യുദ്ധങ്ങളും യുദ്ധസമാന സാഹചര്യങ്ങളും കാലാവസ്ഥയിലെ വ്യതിയാനവുമെല്ലാം നിക്ഷേപകരെ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്ക് അടുപ്പിച്ചു
യു.എസ് ഡോളറിന്റെ ശക്തി കുറഞ്ഞത് : കേന്ദ്രബാങ്കുകൾ ഡോളറിന്റെ മേൽ ആശ്രയം കുറയ്ക്കുകയും പകരം സ്വർണത്തെ മികച്ച നിക്ഷേപമായി കരുതുകയും ചെയ്യുന്നു
കൊവിഡ് മഹാമാരിക്ക് ശേഷം സാമ്പത്തികനില തകർന്നടിയാതിരിക്കാൻ കേന്ദ്രബാങ്കുകൾ പലിശനിരക്കിൽ മാറ്റം വരുത്തിയിരുന്നു. ഇത് വിപണിയിലുണ്ടാക്കിയ അസ്ഥിരതയ്ക്കിടയിൽ സ്വർണം സുരക്ഷിതനിക്ഷേപമാണെന്ന തോന്നലുണ്ടാക്കി.
സ്വർണവിലയ്ക്ക് കുതിപ്പേകുന്ന
ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ
1. റഷ്യ-യുക്രൈൻ യുദ്ധം
2. യു.എസ് ബാങ്കിംഗ് പ്രതിസന്ധി
3. മദ്ധ്യ പൂർവേഷ്യൻ സംഘർഷം
4. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തുടക്കമിട്ട താരിഫ് യുദ്ധം
5. ആഗോളതലത്തിലെ ഡീ ഡോളറൈസേഷൻ ശ്രമങ്ങൾ