സ്വർണവില 80,000ലേക്ക്
Sunday 07 September 2025 1:07 AM IST
കൊച്ചി: പവന് 640 രൂപ കൂടി 79,560 രൂപയിൽ സ്വർണവില. 80,000 എന്ന പുതിയ ഉയരം കുറിക്കാൻ വെറും 440 രൂപയുടെ കുറവ്. ഗ്രാമിന് 80 രൂപയാണ് കൂടിയത്. 9,945 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില. ദീപാവലിയോടെ ഒരു ഗ്രാമിന് 10,000 എന്ന റെക്കാഡ് സ്വന്തമാക്കുമെന്നായിരുന്നു വിദഗ്‌ദ്ധരുടെ വിലയിരുത്തൽ. എന്നാൽ, ചിങ്ങത്തിൽ തന്നെ ആ റെക്കാഡ് നേടുമെന്നാണ് കരുതുന്നത്. ഒരു പവൻ സ്വർണാഭരണം സ്വന്തമാക്കാൻ പണിക്കൂലിയും നികുതിയുമടക്കം 85,000 രൂപയിലേറെ നൽകണം.
ഡോളറിനെ മറികടന്ന് സ്വർണം ആഗോള കറൻസി ആയി മാറുന്ന കാഴ്ചയാണ് കാണുന്നത്. അന്താരാഷ്ട്ര സ്വർണവില ഔൺസിന് 3,800 ഡോളറാകാനുള്ള സാഹചര്യമാണ് നിലവിലുള്ളത്. അങ്ങനെയെങ്കിൽ സ്വർണവിലയിലെ കുതിച്ചുചാട്ടം തുടരും. നിലവിൽ ഔൺസിന് 3586. 76 ഡോളറാണ് ആഗോളതലത്തിൽ സ്വർണവില.