വയനാട്, കാസർകോട് ഗവ. മെഡി. കോളേജുകളിൽ ഈവർഷം പ്രവേശനം
തിരുവനന്തപുരം: നാഷണൽ മെഡിക്കൽ കമ്മിഷൻ പുതുതായി അനുമതി നൽകിയ വയനാട്, കാസർകോട് ഗവ. മെഡിക്കൽ കോളേജുകളിൽ ഈവർഷം തന്നെ പ്രവേശനം നടത്താനുള്ള നടപടികൾ സർക്കാർ ആരംഭിച്ചു. 22ന് മുന്നോടിയായി നടപടികൾ പൂർത്തിയാക്കിയാൽ മാത്രമേ അലോട്ട്മെന്റിൽ പുതിയ കോളേജുകളും ഉൾപ്പെടൂ.
രണ്ട് മെഡിക്കൽ കോളേജുകളിലും നേരിട്ടെത്തി ക്രമീകരണങ്ങളൊരുക്കാൻ ഡി.എം.ഇ ഡോ. കെ.വി.വിശ്വനാഥനെ മന്ത്രി വീണാജോർജ് ചുമതലപ്പെടുത്തി. 50 വീതം ആകെ 100
എം.ബി.ബി.എസ് സീറ്റാണുള്ളത്. ഏഴ് സീറ്റ് വീതം ഓൾ ഇന്ത്യ ക്വാട്ടയ്ക്ക് വിട്ടുനൽകി. ബാക്കി 43 സീറ്റുകളിലേക്കാണ് ഓരോ കോളേജിലും പ്രവേശനം. ആരോഗ്യ സർവകലാശാല വഴി ഈ സീറ്റുകൾ എൻട്രൻസ് കമ്മിഷണർക്ക് റിപ്പോർട്ട് ചെയ്യും. ഇതിന് മുന്നോടിയായി ഭൗതിക സാഹചര്യങ്ങളൊരുക്കണം. അദ്ധ്യാപകരെ ക്രമീകരിക്കണം. പുതിയ നിയമനങ്ങൾ ഉണ്ടാകുന്നതു വരെ മറ്റു മെഡിക്കൽ കോളേജുകളിലെ അദ്ധ്യാപകരെ രണ്ടിടങ്ങളിലും നിയോഗിക്കും.
രണ്ട് മെഡിക്കൽ കോളേജുകൾക്കും നേരത്തെ തസ്തിക സൃഷ്ടിച്ചിരുന്നു. ഇവിടങ്ങളിൽ പി.എസ്.സി വഴിയുള്ള നിയമനം ഉറപ്പാക്കുമെന്ന് മന്ത്രി വീണാജോർജ് അറിയിച്ചു. വയനാട് മെഡിക്കൽ കോളേജിനായി കണ്ടെത്തിയ ഭൂമിയിൽ അനുമതി കിട്ടിയാലുടൻ മാസ്റ്റർ പ്ലാൻ അനുസരിച്ചത് കിഫ്ബി വഴി അക്കാഡമിക്, അഡ്മിനിസ്ട്രേഷൻ, ഹോസ്റ്റൽ ബ്ലോക്കുകൾ നിർമ്മിക്കാനുള്ള നടപടി സ്വീകരിക്കും. കാസർകോട് മെഡിക്കൽ കോളേജിന്റെ സമഗ്ര വികസനം കിഫ്ബിയിലൂടേയും കാസർകോട് ഡെവലപ്മെന്റ് പാക്കേജിലൂടേയും സാദ്ധ്യമാക്കും.
സമയബന്ധിതമായി എല്ലാ സജ്ജീകരണങ്ങളുമൊരുക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. രണ്ട് മെഡിക്കൽ കോളേജുകൾക്കും അധികമായി ആവശ്യമുള്ള തസ്തികകൾ സംബന്ധിച്ച് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടപടികൾ സ്വീകരിച്ചു.
- മന്ത്രി വീണാജോർജ്