ഇന്ന് ഗുരുദേവ ജയന്തി, ലോകമെങ്ങും ആഘോഷം
തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവന്റെ 171-ാമത് ജയന്തി ലോകമെമ്പാടും ഇന്ന് ആഘോഷിക്കും. ഗുരുദേവന്റെ ജന്മം കൊണ്ട് പവിത്രമായ ചെമ്പഴന്തി ഗുരുകുലത്തിലും സമാധി കൊണ്ട് പരിപാവനമായ ശിവഗിരിയിലും അരുവിപ്പുറം, ആലുവ അദ്വൈതാശ്രമം എന്നിവ ഉൾപ്പെടെയുള്ള അനുബന്ധ മഠങ്ങളിലും ഗുരുദേവ ക്ഷേത്രങ്ങളിലും എസ്.എൻ.ഡി.പി യോഗം ഉൾപ്പെടെ വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലും ഭക്തിസാന്ദ്രമായ ആഘോഷ പരിപാടികൾ നടത്തും.
ചെമ്പഴന്തി ഗുരുകുലത്തിൽ വൈകിട്ട് 6.30ന് ഗുരുജയന്തി മഹാസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്ര് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ജയന്തി സന്ദേശം നൽകും. സ്വാമി സൂക്ഷ്മാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. ഡോ. ശശി തരൂർ എം.പി, കെ.ജി.ബാബുരാജൻ, ഗോകുലം ഗോപാലൻ, മുരള്യ കെ.മുരളീധരൻ, ജി.മോഹൻദാസ് എന്നിവർ സംസാരിക്കും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്ര് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സ്വാഗതം പറയും. രാവിലെ 10ന് ശ്രീനാരായണ ദാർശനിക സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും വൈകിട്ട് 3ന് തിരുജയന്തി ഘോഷയാത്ര മന്ത്രി വി.ശിവൻകുട്ടിയും ഉദ്‌ഘാടനം ചെയ്യും.
ശിവഗിരിയിൽ രാവിലെ 7ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പതാക ഉയർത്തും. 9.30ന് ജയന്തി സമ്മേളനം ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഉദ്ഘാടനം ചെയ്യും. സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും. ട്രഷറർ സ്വാമി ശാരദാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. അടൂർ പ്രകാശ് എം.പി, വി.ജോയ് എം.എൽ.എ, മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ, മുനിസിപ്പൽ ചെയർമാൻ കെ.എം.ലാജി, കെ.ജി.ബാബുരാജൻ, കെ.മുരളീധരൻ തുടങ്ങിയവർ സംസാരിക്കും. ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സ്വാഗതവും ആഘോഷക്കമ്മിറ്റി സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി നന്ദിയും പറയും. 11.30ന് തിരുജയന്തി വിശ്വസാഹോദര്യ സമ്മേളനം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും.
5.30ന് മഹാസമാധിയിൽ നിന്ന് ജയന്തി ഘോഷയാത്ര ആരംഭിക്കും. ആത്മീയ, സാമൂഹിക, കലാ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെയും വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തിൽ ചതയദീപം തെളിക്കും.