സ്റ്റെന്റും പേസ്മേക്കറുമില്ല മെഡിക്കൽ കോളേജിൽ നിലയ്ക്കുമോ ഹൃദയതാളം

Saturday 06 September 2025 11:30 PM IST
heart

 സ്റ്റോക്ക് തിരികെ ആവശ്യപ്പെട്ട് വിതരണക്കാർ

കോഴിക്കോട്: ഹൃദയചികിത്സയ്ക്കുള്ള സ്റ്റെൻറും അനുബന്ധ ഉപകരണങ്ങളുടേയും വിതരണം നിലച്ചതോടെ മെഡി.കോളേജിൽ പ്രതിസന്ധി രൂക്ഷമാകുന്നു. നിലവിൽ ചികിത്സ മുടങ്ങിയിട്ടില്ലെങ്കിലും ആൻജിയോപ്ലാസ്റ്റി ചികിത്സയെ ബാധിച്ചുതുടങ്ങി.

ശസ്ത്രക്രിയകളുടെ എണ്ണം വെട്ടിക്കുറച്ചു. സാധാരണ ദിവസങ്ങളിൽ ഒരു ദിവസം 15 മുതൽ 20 വരെ ആൻജിയോപ്ലാസ്റ്റി ചെയ്തിരുന്ന സ്ഥാനത്ത് ഇപ്പോൾ അഞ്ചിൽ താഴെ മാത്രമേ നടക്കുന്നുള്ളൂ. ഹൃദയശസ്ത്രക്രിയകൾ മുടങ്ങാതിരിക്കാൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നടക്കം ഉപകരണങ്ങൾ എത്തിച്ചെങ്കിലും പൂർണമായും പ്രശ്നത്തിന് പരിഹാരം കാണാൻ സാധിച്ചിട്ടില്ല. ചർച്ചകൾ നടക്കുന്നതല്ലാതെ കുടിശ്ശിക നൽകുന്നതിനു ള്ള നടപടികളൊന്നും ആരോഗ്യവകുപ്പും മെഡി.കോളേജ് അധികൃതരും സ്വീകരിച്ചിട്ടില്ല. കുടിശ്ശിക ലഭിക്കാത്തതിൽ പ്രതിഷേധിച്ച് നിലവിൽ സ്റ്റോക്ക് ചെയ്ത സ്റ്റെന്റ് അടക്കമുള്ള ഉപകരണങ്ങൾ തിരികെ കൊണ്ടുപോവാൻ ആശുപത്രി അധികൃതർക്ക് രേഖാമൂലം കത്ത് നൽകാനുള്ള ഒരുക്കത്തിലാണ് വിതരണക്കാരുടെ സംഘടനയായ മെഡിക്കൽ ഡിവെെസസ് ഇൻഡസ്ട്രി വെൽഫെയർ അസോ.

നിലവിൽ ഏതാനും ദിവസത്തേക്കുള്ള സ്‌റ്റെന്റ് അനുബന്ധ ഉപകരണ ങ്ങൾ മാത്രമാണ് മെഡി. കോളജ് ആശുപത്രിയിൽ സ്റ്റോക്കുള്ളത്. ഇവ തീർന്നാൽ ആഞ്ചിയോഗ്രാം, ആഞ്ചിയോപ്ലാസ്റ്റി അടക്കം മുടങ്ങും. അത്യാഹിത വിഭാഗത്തിലെത്തുന്ന ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് മാത്രമാണ് ഇപ്പോൾ ഹൃദയശസ്ത്രക്രിയ നടത്തുന്നത്. അതേസമയം ചികിത്സകൾ വെട്ടിക്കുറച്ചത് രോഗികളിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

42 കോടി കുടിശ്ശിക

ഹൃദയചികിത്സകൾക്കായി സ്റ്റെന്റ്, വാൽവുകൾ, പേസ് മേക്കർ, ബലൂൺ തുടങ്ങിയ തുടങ്ങിയ ഉപകരണങ്ങൾ നൽകിയ വകയിൽ 42 കോടി കുടിശ്ശികയായതോടെയാണ് കഴിഞ്ഞ ഒന്ന് മുതലാണ് വിതരണക്കാർ വിതരണം നിറുത്തിവച്ചത്. കാരുണ്യ ബെനവലന്റ് ഫണ്ടിൽ (കെ.ബി.എഫ്) 13 മാസത്തേയും കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ (കാസ്പ്) രണ്ടര വർഷത്തെ കുടിശ്ശികയാണുള്ളത്. എന്നാൽ കുടിശ്ശിക കൂടിവരുന്നതിനാൽ കമ്പനികളിൽ നിന്ന് സ്റ്രെന്റ് ഉൾപ്പെടെ ലഭിക്കാത്ത സാഹചര്യമാണ്. വിതരണക്കാരുമായി മെഡി.കോളേജ് അധികൃതർ ചർച്ച നടത്തുന്നുണ്ടെങ്കിലും ഫലപ്രദമല്ല.

"' മാർച്ച് 31 വരെയുള്ള 28 കോടി കുടിശ്ശികയെങ്കിലും തരാതെ വിതരണംചെയ്യാൻ സാധിക്കില്ല. ഉത്തരമലബാറിലെ രോഗികളെ ബാധിക്കുന്ന പ്രധാന വിഷയമാണ്. എന്നിട്ടും, കുടിശ്ശിക തീർക്കാൻ നടപടികളുണ്ടാകാത്തത് വിഷമിപ്പിക്കുന്നു.''-

സംഗീത്

സെക്രട്ടറി

മെഡിക്കൽ ഡിവെെസസ് ഇൻഡസ്ട്രി വെൽഫെയർ അസോ.